'ജാമ്യം ലഭിച്ചില്ല'; ബിഹാർ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ഷർജീൽ ഇമാം

'കഴിഞ്ഞ രണ്ട് മൂന്ന് മാസങ്ങളിൽ ഒരുപാട് പാഠങ്ങൾ പഠിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. ഭാവിയിലെ പ്രവർത്തന പദ്ധതികളിലും തെരഞ്ഞെടുപ്പുകളിലും ഇത് ഉപയോഗപ്രദമായിത്തീരുമെന്ന് പ്രതീക്ഷിക്കുന്നു'

Update: 2025-10-17 10:55 GMT
Editor : നബിൽ ഐ.വി | By : Web Desk

Photo| Facebook

ന്യൂഡൽഹി: ബിഹാർ തെരഞ്ഞെടുപ്പിൽ ആക്ടിവിസ്റ്റ് ഷർജീൽ ഇമാം മത്സരിക്കില്ല. സുപ്രിംകോടതിയിൽ നിന്നും ജാമ്യം ലഭിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം. ഡൽഹി കലാപ ഗൂഢാലോചന കേസിൽ ജയിലിലാണ് ഷർജീൽ ഇമാം.

ഈ വർഷത്തെ ബീഹാർ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്ന് ഞാനും എന്റെ ടീമും തീരുമാനിച്ചിരിക്കുന്നുവെന്ന് ഷർജീൽ ഇമാം പ്രസ്താവനയിൽ പറഞ്ഞു. തെരഞ്ഞെടുപ്പിന്റെ സമയമടുക്കുമ്പോൾ ജാമ്യത്തിലിറങ്ങാൻ കഴിയുമെന്നായിരുന്നു ഞങ്ങളുടെ പ്രതീക്ഷ. തീർച്ചയായും പരമ്പരാഗത രാഷ്ട്രീയക്കാരല്ല ഞങ്ങൾ. അപരവൽകൃതവിഭാഗങ്ങളുടെ ഉന്നമനത്തിന് അനിവാര്യമായ ഘടനാപരമായ മാറ്റങ്ങൾ സംബന്ധിച്ചുള്ള ജനാധിപത്യ സന്ദേശത്തിന്റെ വാഹകർ മാത്രമാണ് ഞങ്ങൾ. അപരവൽകൃത വിഭാഗങ്ങൾക്ക് വേണ്ടി സംസാരിക്കുന്നവരെന്ന് അവകാശപ്പെടുന്നവരുൾപ്പെടെയുള്ള മുഖ്യധാരാ രാഷ്ട്രീയ വ്യവഹാരത്തിൽ അസന്നിഹിതമായ ഒന്നാണീ ജനാധിപത്യ സന്ദേശം. ഈ രാഷ്ട്രീയത്തിന് വേണ്ടി ഉയർന്നുവന്നിരിക്കുന്ന ചുരുക്കം ചില രാഷ്ട്രീയ പ്രവർത്തകരുടെ പ്രതിനിധിയെന്ന നിലയിൽ, പൊതുജനങ്ങളിലേക്ക് ഈ സന്ദേശത്തെ ഏറ്റവും ലളിതമായ ഭാഷയിൽ എത്തിക്കുകയെന്നത് എന്റെ ദൗത്യമാണെന്ന് ഞാൻ കരുതുന്നു. പക്ഷേ ഭരണകൂടം നമ്മുടെയീ പാതയിൽ അനേകം പ്രതിബന്ധങ്ങൾ തീർത്തിരിക്കുന്നുവെന്നതാണ് സത്യം. അത്തരമൊരു സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാനും മണ്ഡലത്തിൽ സ്വതന്ത്രമായി പ്രവർത്തിക്കാനും വ്യക്തിപരമായി എനിക്ക് സാധിക്കില്ലെന്ന് ഷർജീൽ ഇമാം പറഞ്ഞു.

Advertising
Advertising

ഈയൊരു സാഹചര്യത്തെ ഞാൻ തീർച്ചയായും മുൻകൂട്ടി കാണുകയും അതിനായി തയ്യാറെടുക്കുകയും ചെയ്തിരുന്നു. പക്ഷേ എന്നെപ്പോലൊരു രാഷ്ട്രീയ തടവുകാരൻ നേരിടുന്ന കർശനമായ നിയന്ത്രണങ്ങളുടെ സാഹചര്യത്തിൽ, പ്രത്യേകിച്ച് പുറംലോകവുമായി ആശയവിനിമയം നടത്തുന്നതിനുള്ള കടുത്ത നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ, ഒരു മാസം എന്നത് തീർത്തും അപര്യാപ്തമായിരുന്നു. ഞങ്ങൾക്കിനിയും സമയം ആവശ്യമായുണ്ട്. വികേന്ദ്രീകരണം, ആനുപാതിക പ്രാതിനിധ്യത്തെ ഒരു തെരഞ്ഞെടുപ്പ് രീതിശാസ്ത്രമായി സ്വീകരിക്കുക, എല്ലാ ജാതിവിഭാഗങ്ങളും ഉൾപ്പെടുന്ന ന്യൂനപക്ഷ സംവരണം, മതസമുദായങ്ങളുടെ സ്വയംനിർണയാവകാശം തുടങ്ങിയ ഘടനാപരമായ മാറ്റങ്ങളെക്കുറിച്ചുള്ള സന്ദേശം പ്രചരിപ്പിക്കുക എന്നതാണ് നമ്മുടെ പ്രാഥമികമായ ഉത്തരവാദിത്തം. അതിനായുള്ള പ്രവർത്തനം ഇനിയും തുടരും. നമ്മുടെ വോട്ട് തേടി വരുന്നവരെ ഈ മൗലികമായ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാൻ സമ്മർദ്ദം ചെലുത്തുകയും വേണമെന്നും ഷർജീൽ ഇമാം കൂട്ടിച്ചേർത്തു.

'കഴിഞ്ഞ രണ്ടു മൂന്ന് മാസങ്ങളായി ഇതിനായി അഹോരാത്രം പരിശ്രമിച്ച എന്റെ ടീമിനോട് എല്ലാവിധ നന്ദിയും അറിയിക്കുന്നു. ഞങ്ങളുമായി ഇടപഴകുകയും ഒപ്പം പ്രവർത്തിക്കുകയും പിന്തുണയും അനുഭാവവും അറിയിക്കുകയും ചെയ്ത ബഹാദൂർഗഞ്ചിലെ ആയിരക്കണക്കിന് ജനങ്ങളോടും ഒരുപാട് നന്ദിയുണ്ട്. ജയിൽ മോചിതനാകുന്ന മുറക്ക് ഞാനും അവരിലൊരാളായി ഉണ്ടാവും. പിന്തുണയും, ഐക്യദാർഢ്യവും സ്നേഹപ്രകടനങ്ങളുമായി മെസേജ്ജുകളയച്ച ഇന്ത്യയിലെ ലക്ഷക്കണക്കിന് വരുന്ന ജനങ്ങളോടുമുള്ള കടപ്പാടറിയിക്കുന്നു. ഇന്ത്യയിലൊട്ടാകെയും സമുദായത്തിനകത്തുമായി ഘടനാപരമായ മാറ്റങ്ങളെക്കുറിച്ചുള്ള ഞങ്ങളുടെ സന്ദേശം വേരെടുത്തിരിക്കുന്നുവെന്ന് ഞാൻ തിരിച്ചറിയുന്നു. ഇതൊരു നേട്ടമായാണ് ഞങ്ങൾ കണക്കാക്കുന്നു. നമ്മുടെ പരിശ്രമങ്ങളൊന്നും വെറുതെയായിരുന്നില്ലെന്നർത്ഥം. കഴിഞ്ഞ രണ്ട് മൂന്ന് മാസങ്ങളിൽ ഒരുപാട് പാഠങ്ങൾ പഠിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. ഭാവിയിലെ പ്രവർത്തന പദ്ധതികളിലും തെരഞ്ഞെടുപ്പുകളിലും ഇത് ഉപയോഗപ്രദമായിത്തീരുമെന്ന് പ്രതീക്ഷിക്കുന്നു'-‌ഷർജീൽ ഇമാം പറഞ്ഞു.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News