ഡി.കെയും ഞാനും ഒറ്റക്കെട്ട്: വീണ്ടും കൂടിക്കാഴ്ച നടത്തി ഡി.കെ ശിവകുമാറും സിദ്ധരാമയ്യയും
മികച്ച ഭരണം കാഴ്ച വെക്കാനുള്ള പ്രതിബദ്ധത ഊട്ടിയുറപ്പിച്ചതായും കോൺഗ്രസിന് കീഴിൽ മികച്ച വികസനം തുടരുമെന്നും ഡി.കെ ശിവകുമാർ
ന്യൂഡൽഹി: കർണാടകയിൽ ഡി.കെ ശിവകുമാറും മുഖ്യമന്ത്രി സിദ്ധരാമയ്യയുമായുള്ള ചർച്ച പൂർത്തിയായി. കൂടിക്കാഴ്ചയിൽ പാർട്ടി വിഷയങ്ങൾ ചർച്ച ചെയ്തതായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. ഡി.കെ ശിവകുമാറും താനും ഒറ്റക്കെട്ടാണെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം സിദ്ധരാമയ്യ പ്രതികരിച്ചു.
അടുത്തയാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ സ്വീകരിക്കേണ്ട നിലപാടുകൾ ചർച്ച ചെയ്തു. പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവരാൻ ഉദ്ദേശിക്കുന്നുണ്ടെന്നും ഇതിനെ എങ്ങനെ നേരിടണമെന്ന് ചർച്ച ചെയ്‌തെന്നും സിദ്ധരാമയ്യ പറഞ്ഞു. മികച്ച ഭരണം കാഴ്ച വെക്കാനുള്ള പ്രതിബദ്ധത ഊട്ടിയുറപ്പിച്ചതായും കോൺഗ്രസിന് കീഴിൽ മികച്ച വികസനം തുടരുമെന്നും ഡി.കെ ശിവകുമാർ പ്രതികരിച്ചു.
ഡി.കെ ശിവകുമാർ ക്ഷണിച്ചത് അനുസരിച്ച് ഉപ മുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ വീട്ടിലെത്തിയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഭാത ഭക്ഷണ കൂടിക്കാഴ്ച നടത്തിയത്. ഇത് രണ്ടാംഘട്ട കൂടിക്കാഴ്ചയാണ്. മന്ത്രിസഭ പുനഃസംഘടന ഹൈക്കമാൻഡ് നിർദേശത്തെക്കൂടി പരിഗണിച്ചാണെന്നും ഡി.കെയും താനും ഒറ്റക്കെട്ടാണെന്നും വ്യക്തമാക്കിയ മുഖ്യമന്ത്രി മറിച്ചുള്ള പ്രചാരണങ്ങൾ തെറ്റാണെന്നും പറഞ്ഞു.
മുഖ്യമന്ത്രി പദത്തെച്ചൊല്ലിയാണ് നിലവിലെ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപ മുഖ്യമന്ത്രി ഡി.കെ ശിവകുമാറും തമ്മിൽ ഇടഞ്ഞത്. രണ്ടര വർഷം വീതം മുഖ്യമന്ത്രി സ്ഥാനം വീതംവെക്കാമെന്നാണ് തീരുമാനിച്ചതെന്നും സിദ്ധരാമയ്യ മാറണമെന്നുമായിരുന്നു ശിവകുമാറിന്റെ ആവശ്യം. ആദ്യ കൂടിക്കാഴ്ചയോടുകൂടി ഇരുവർക്കുമിടയിലെ മഞ്ഞുരുകിയതായി രാഷ്ട്രീയ വിലയിരുത്തലുകളുണ്ടായിരുന്നു. അതിനിടയിലാണ് വീണ്ടും രണ്ടുപേരും കൂടിക്കാഴ്ച നടത്തുന്നത്.