'വിജയ്‌നെക്കുറിച്ചോ ടിവികെയെക്കുറിച്ചോ മിണ്ടരുത്'; നേതാക്കള്‍ക്ക് വിലക്കുമായി ഡിഎംകെ
വായിൽ പ്ലാസ്റ്റർ ഒട്ടിച്ചാണ് നിൽക്കുന്നതെന്ന് ഡിഎംകെ നേതാക്കള്‍
Vijay | Photo | Tvk X Page
ചെന്നൈ: നടൻ വിജയ്‌യെക്കുറിച്ചും അദ്ദേഹത്തിന്റെ പാർട്ടിയായ തമിഴക വെട്രി കഴകം (ടിവികെ)ത്തെക്കുറിച്ചും പ്രതികരണങ്ങള്‍ നടത്തുന്നത് വിലക്കി ഡിഎംകെ നേതൃത്വം. മന്ത്രിമാർ ഉൾപ്പെടെയുള്ള നേതാക്കൾക്കാണ് ഡിഎംകെ നേതൃത്വം നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ടിവികെയെക്കുറിച്ച് സംസാരിക്കരുതെന്ന് ഞങ്ങള്‍ക്ക് നിര്‍ദേശമുണ്ടെന്ന് കൈത്തറി, ടെക്സ്റ്റൈൽസ് മന്ത്രി ആർ ഗാന്ധി പറഞ്ഞു. അവർ ഞങ്ങളെക്കുറിച്ച് സംസാരിക്കുന്നു, പക്ഷേ ഞങ്ങൾക്ക് പ്രതികരിക്കാൻ അനുവാദമില്ലെന്നും ഡിഎംകെ മന്ത്രി പറഞ്ഞു. വായിൽ പ്ലാസ്റ്റർ ഒട്ടിച്ചാണ് നിൽക്കുന്നതെന്ന് തിരുവാരൂരിലെ യോഗത്തിൽ ഡിഎംകെ പ്രിൻസിപ്പൽ സെക്രട്ടറി കെ എൻ നെഹ്‌റു.ദിവസങ്ങൾക്ക് മുമ്പ് വിജയ് തിരുവാരൂരില്‍ പ്രചാരണം നടത്തിയിരുന്നു.
സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങളെക്കുറിച്ചും കേന്ദ്രസർക്കാർ വരുത്തിയ പ്രശ്‌നങ്ങളെക്കുറിച്ചും ജനങ്ങളെ വിശദീകരിക്കുന്നതിലായിരുന്നു ഞങ്ങളുടെ ശ്രദ്ധ. മറ്റ് കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നത് ശ്രദ്ധ തിരിക്കുന്നതിന് കാരണമാകും. അതുകൊണ്ടാണ് ടിവികെയെകുറിച്ചുള്ള പരസ്യപ്രതികരണങ്ങളെ വിലക്കിയതെന്ന് സംഘടനാ സെക്രട്ടറി ആർ.എസ്. ഭാരതി പറഞ്ഞു.
വന്‍ ജനാവലികളാണ് വിജയ് നയിക്കുന്ന പൊതുയോഗത്തിന് എത്തുന്നത്. ടി.വി.കെ.യുടെ ജനക്കൂട്ടത്തെ മറികടക്കുക എന്ന ലക്ഷ്യത്തോടെ ഡിഎംകെയും വിവധ പൊതുയോഗങ്ങള്‍ നടത്തുന്നുണ്ട്.
അതേസമയം, ഒരു നേതാവ് വൻ ജനക്കൂട്ടത്തെ ആകർഷിക്കുന്നു എന്നതുകൊണ്ട് മാത്രം അത് മുഴുവൻ വോട്ടുകളായി മാറുന്നില്ലെന്ന് നടനും മക്കൾ നീതി മയ്യം സ്ഥാപക നേതാവുമായ കമൽഹാസൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഈ മാനദണ്ഡം തനിക്കും തമിഴക വെട്രി കഴകത്തിന്‍റെ തലവനായ നടനും രാഷ്ട്രീയക്കാരനുമായ വിജയ് ഉൾപ്പെടെയുള്ളവർക്കും ബാധകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിജയ്‍യുടെ റാലിയിലെ വന്‍ ജനപങ്കാളത്തിത്തെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുഴുവൻ ജനക്കൂട്ടവും വോട്ടുകളായി മാറില്ലെന്ന് അദ്ദേഹം പറഞ്ഞു. ഈ മാനദണ്ഡം ടിവികെ മേധാവി വിജയ്ക്ക് ബാധകമാണോ എന്ന് വീണ്ടും ചോദിച്ചപ്പോൾ എല്ലാ നേതാക്കൾക്കും ഇത് ബാധകമാണെങ്കിൽ, നമുക്ക് എങ്ങനെ വിജയിനെ ഒഴിവാക്കാനാകും? ഇത് എനിക്കും ഇന്ത്യയിലെ എല്ലാ നേതാക്കൾക്കും ബാധകമാണ്, നിങ്ങൾ ജനക്കൂട്ടത്തെ ആകർഷിച്ചു, പക്ഷേ അത് വോട്ടുകളായി മാറില്ല." കമൽ കൂട്ടിച്ചേര്‍ത്തു.