സ്ത്രീകൾക്ക് 10,000 രൂപ നൽകുന്ന പദ്ധതി തെരഞ്ഞെടുപ്പ് തന്ത്രം, ബിഹാറിലെ ജനങ്ങളെ വിഡ്ഢികളാക്കരുത്': തേജസ്വി യാദവ്
''ബിഹാര്‍ മുഖ്യമന്ത്രിക്ക് ഒന്നും അറിയില്ല. ഭരണം കുറച്ച് ആളുകളുടെ കൈകളിലാണ്. പ്രധാനമന്ത്രിയാണ് അവരെ കൈകാര്യം ചെയ്യുന്നത്''
പറ്റ്ന: സ്ത്രീകൾക്ക് 10,000 രൂപ നൽകുന്ന മോദിയുടെ പദ്ധതിക്കെതിരെ പ്രതിപക്ഷം. പദ്ധതിയെ തെരഞ്ഞെടുപ്പ് തന്ത്രമെന്ന് വിശേഷിപ്പിച്ചം എന്ത് ബിഹാറിലെ ജനറങ്ങളെ വിഡ്ഢികളാക്കരുതെന്നും ഓര്‍മിപ്പിച്ചു.
ജെഡിയു-ബിജെപി സര്‍ക്കാറിന്റെത് തന്റെ പാർട്ടിയിൽ നിന്ന് പകർത്തിയ പദ്ധതിയാണെന്ന് പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് പറഞ്ഞു.
‘ബിഹാറിലെ ബിജെപി സർക്കാർ കോപ്പിയടിക്കുന്നതിൽ വളരെ മിടുക്കരാണ്. അവർ നമ്മുടെ 'മയി ബെഹൻ യോജന' പകർത്തിയിരിക്കുന്നു. നരേന്ദ്ര മോദി ബിഹാറിലെ ജനങ്ങളെ വിഡ്ഢികളായി കണക്കാക്കരുത്. അദ്ദേഹം കേന്ദ്ര ഫണ്ടിൽ നിന്ന് ഒരു പൈസ പോലും സംസ്ഥാനത്തിന് നൽകിയിട്ടില്ല. അവർ ഇപ്പോൾ 10,000 രൂപ നൽകുന്നു. എന്നാലോ, തെരഞ്ഞെടുപ്പിനുശേഷം പണം തിരികെ എടുക്കുകയും ചെയ്യും. ബിഹാറിലെ ജനങ്ങൾക്ക് ഇതിനെക്കുറിച്ച് അറിയാം’- തേജസ്വി പറഞ്ഞു.
‘പ്രധാനമന്ത്രിയോടും കേന്ദ്ര സർക്കാറിനോടും എനിക്ക് ഒരു ചോദ്യം ചോദിക്കാനുണ്ട്. നിങ്ങൾ 10000 രൂപ അനുവദിക്കുന്ന ഈ പദ്ധതിക്ക് കേന്ദ്ര ഫണ്ടിൽ നിന്ന് എത്ര പണം ലഭിച്ചു? മുഖ്യമന്ത്രിക്ക് ഒന്നും അറിയില്ല. ഭരണവും കുറച്ച് ആളുകളുടെ കൈകളിലാണ്. അതിനാൽ പ്രധാനമന്ത്രി അവരെ കൈകാര്യം ചെയ്യുന്നുവെന്നും’ യാദവ് കൂട്ടിച്ചേർത്തു.
സ്ത്രീകളെ സാമൂഹികമായും സാമ്പത്തികമായും ശാക്തീകരിക്കുന്നതിനായി ആർജെഡിയും സഖ്യകക്ഷിയായ കോൺഗ്രസും ചേർന്ന് പ്രതിമാസം 2,500 രൂപ വീതം സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുന്ന 'മയി ബെഹിൻ മാൻ യോജന' നേരത്തെ പ്രഖ്യാപിച്ചിരുന്നു.
അതേസമയം സ്ത്രീകൾക്ക് 10,000 രൂപ നൽകുന്ന മോദിയുടെ പദ്ധതി വോട്ട് ലക്ഷ്യമാക്കിയെന്ന് പ്രിയങ്ക ഗാന്ധി എംപി പറഞ്ഞു. സ്ത്രീകളുടെ സുരക്ഷയ്ക്കായി ബിഹാറിലെ സർക്കാർ ഒന്നും തന്നെ ചെയ്തിട്ടില്ല, ബിഹാറിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമം വർദ്ധിച്ചുവെന്നും പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി. ബിഹാറിൽ നടന്ന മഹിളാ സംവാദ് റാലിയിൽ സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി.