ഇന്ത്യക്കും ചൈനക്കും ഇടയിൽ ‘സാൻഡ്‍വിച്ച്’ ആകാൻ ശ്രീലങ്കയില്ല; വിദേശനയം വ്യക്തമാക്കി ദിസനായകെ

വിദേശനയത്തിൽ വിശാലമായ രൂപരേഖകളാണ് സർക്കാരിനുമുന്നിലുള്ളതെന്ന് ശ്രീലങ്കൻ പ്രസിഡന്റ്

Update: 2024-09-25 04:27 GMT

കൊളംബോ: ഇന്ത്യക്കും ചൈനക്കും ഇടയിൽ സാൻഡ്‍വിച്ച് ആകാനില്ലെന്ന് ശ്രീലങ്കയുടെ പുതിയ പ്രസിഡന്റ് അനുര കുമാര ദിസനായകെ. വിദേശനയത്തിൽ തന്റെ സർക്കാരിന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് പ്രസിഡന്റ്.

വിദേശനയത്തിൽ വിശാലമായ രൂപരേഖകളാണ് സർക്കാരിനുമുന്നിലുള്ളത്. ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിൽ കുടുങ്ങിപ്പോകാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ദി മോണോക്കിളിന് നൽകിയ അഭിമുഖത്തിലാണ് ദിസനായകെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

‘ചൈനയും ഇന്ത്യയും ഞങ്ങൾക്ക് മൂല്യവത്തായ സുഹൃത്തുക്കളാണ്. നാഷനൽ പീപ്പിൾസ് പാർട്ടി (NPP) സർക്കാരുമായി ഇ​രുരാജ്യങ്ങളിൽ നിന്നും അടുത്ത സഹകരമാണ് പ്രതീക്ഷിക്കുന്നതെന്നും ദിസനായകെ പറഞ്ഞു. യൂറോപ്യൻ യൂണിയൻ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക തുടങ്ങിയവയുമായും ബന്ധം ശക്തമാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നായിരുന്നു വിദേശകാര്യനയത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികിരിച്ചത്.

Advertising
Advertising

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കുക എന്നതാണ് തന്റെ സർക്കാരിന്റെ മുൻഗണനകളിലൊന്നെന്നും ദിസനായകെ പറഞ്ഞു. നമ്മൾ ഒരു പാപ്പരായ രാഷ്ട്രമാണ്. 34 ബില്യൺ യൂറോയുടെ വിദേശ കടമുണ്ട്, ദാരിദ്ര്യം വർദ്ധിച്ചു, അവശ്യസാധനങ്ങളുടെ വില കുതിച്ചുയർന്നു. ഞങ്ങളുടെ മുൻഗണന ഈ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് രാജ്യത്തെ രക്ഷിക്കലാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം ശ്രീലങ്കൻ പ്രധാനമന്ത്രിയായി ​ഡോ.ഹരിണി അമരസൂര്യ ചുമതലയേറ്റിരുന്നു. ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അനുര കുമാര ദിസനായകെ ചുമതലയേറ്റതിനെ തുടർന്ന് ദിനേ​ശ് ഗുണവർധന പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. ഇതിന് പിന്നാ​ലെയാണ് പ്രസിഡന്റ് ഹരിണിയെ പ്രധാനമന്ത്രിയായി നിയമിച്ചത്. ശ്രീലങ്കയുടെ മൂന്നാമത്തെ വനിതാ ​പ്രധാനമന്ത്രിയാണ് ഹരിണി.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News