Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരായ പരാമര്‍ശത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രക്കെതിരെ കേസ്. ഛത്തീസ്ഗഢിലെ റായ്പൂരിലാണ് പൊലീസ് എഫ്ഐആർ രജിസ്റ്റര്‍ ചെയ്തത്. കേസിന് പിന്നാലെ വിഡ്ഢികൾക്ക് ഭാഷാശൈലി മനസിലാകില്ലെന്ന് മഹുവ മൊയ്ത്ര പറഞ്ഞു
ബംഗ്ലാദേശില്‍നിന്നുള്ള നുഴഞ്ഞുകയറ്റം തടയുന്നതില്‍ പരാജയപ്പെട്ടാല്‍ അതിന് ഉത്തരവാദി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആണെന്നും അദ്ദേഹത്തിന്റെ തലവെട്ടി മേശപ്പുറത്ത് വെയ്ക്കുകയാണ് ആദ്യം ചെയ്യേണ്ടത് എന്നുമായിരുന്നു മഹുവ മൊയ്ത്രയുടെ പരാമർശം. പ്രദേശവാസിയായ ഗോപാല്‍ സാമന്തോ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ റായ്പുരിലെ മാന പൊലീസ് സ്റ്റേഷനിലാണ് മഹുവയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
പശ്ചിമ ബംഗാളിലെ നാദിയ ജില്ലയില്‍ വ്യാഴാഴ്ച നടത്തിയ ഒരു പരിപാടിക്കിടെ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് മഹുവയുടെ പരാമര്‍ശം. പിന്നാലെ പരാമര്‍ശം ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ച് ഗോപാല്‍ സാമന്തോ എന്ന വ്യക്തി മാന പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
ഭാരതീയ ന്യായ സംഹിതയുടെ (ബിഎന്‍എസ്) 196-ാം വകുപ്പ് (മതം, വംശം, ജന്മസ്ഥലം, വാസസ്ഥലം, ഭാഷ തുടങ്ങിയവയുടെ പേരില്‍ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍), 197-ാം വകുപ്പ് (ദേശീയോദ്ഗ്രഥനത്തിന് ഹാനികരമായ ആരോപണങ്ങള്‍) തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്.