ധർമസ്ഥല: ഏഴ് വർഷം മുമ്പ് കാണാതായ കുടക് സ്വദേശിയുടെ ഐഡി കാർഡ് കണ്ടെത്തി
തലയോട്ടി, അസ്ഥികൂട അവശിഷ്ടങ്ങൾ എന്നിവയും കണ്ടെത്തിയിട്ടുണ്ട്
മംഗളൂരു: ധർമസ്ഥലയിലെ ദുരൂഹ മരണങ്ങൾ സംബന്ധിച്ച് അന്വേഷണം നടത്തുന്ന പ്രത്യേക സംഘം (എസ്‌ഐടി) നേത്രാവതി കുളിക്കടവിനടുത്ത ബംഗ്ലഗുഡ്ഡെ വനത്തിൽ നിന്ന് തലയോട്ടി, അസ്ഥികൂട അവശിഷ്ടങ്ങൾ എന്നിവക്കൊപ്പം ഒരു തിരിച്ചറിയൽ കാർഡും കണ്ടെത്തി. ഇത് ഏഴ് വർഷം മുമ്പ് കാണാതായ കുടക് സ്വദേശിയുടേതാണെന്നാണ് പ്രാഥമിക വിവരം. കുടക് ജില്ലയിലെ പൊന്നംപേട്ട് താലൂക്കിലെ ടി ഷെട്ടിഗേരി ഗ്രാമത്തിലെ യുബി അയ്യപ്പയുടേതാണെന്നാണ് കാർഡിലെ വിവരങ്ങൾ നൽകുന്ന സൂചന.
ഏഴ് വർഷങ്ങൾക്ക് മുമ്പ് വൈദ്യചികിത്സക്കായി മൈസൂരുവിലേക്ക് പോയ അയ്യപ്പനെ കാണാതാവുകയായിരുന്നു. കുടകിലെ കുട്ട പൊലീസ് സ്റ്റേഷനിൽ അദ്ദേഹത്തിന്റെ കുടുംബം പരാതി നൽകിയിരുന്നു. എന്നാൽ ഇത്രയും വർഷമായി അദ്ദേഹത്തെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിരുന്നില്ല. ഐഡി കാർഡും അസ്ഥികൂട അവശിഷ്ടങ്ങളും കണ്ടെടുത്തതോടെ, അവശിഷ്ടങ്ങൾ അയ്യപ്പന്റേതാണോ എന്ന സംശയം ശക്തമായി. അസ്ഥികൂടം ഫോറൻസിക് പരിശോധനക്ക് അയച്ചതായി എസ്‌ഐടി അറിയിച്ചു.
പരിശോധനാ ഫലങ്ങൾ ലഭിച്ചതിനുശേഷം മാത്രമേ മരണം അപകടമരണമാണോ അതോ കൊലപാതകമാണോ എന്ന് വ്യക്തമാകൂ. പൊലീസ് പ്രത്യേകം കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. എസ്ഐടി സംഘത്തിന്റെ രണ്ടാം ദിവസത്തെ തിരച്ചിൽ വ്യാഴാഴ്ച അവസാനിച്ചു. ഏഴ് മനുഷ്യ തലയോട്ടികളും അസ്ഥികൂട അവശിഷ്ടങ്ങളും കണ്ടെടുത്തു.