'ഇന്ത്യക്ക് ശക്തമായ സർക്കാർ ആവശ്യമാണ്,നിങ്ങൾ മറ്റ് പണികൾ നോക്കൂ'; മോദിക്കെതിരെ മഹുവ മൊയ്ത്ര

സ്വന്തം വീട്ടിൽ പൗരന്മാർ മരിച്ചുവീഴുമ്പോൾ വിദേശ മണ്ണിൽ കാമറകൾക്ക് മുന്നിൽ പോസ് ചെയ്യുന്ന തിരക്കിലാണ് മോദിയെന്ന് തൃണമൂൽ കോൺഗ്രസ് വിമർശിച്ചു

Update: 2025-11-11 09:29 GMT
Editor : Lissy P | By : Web Desk

ന്യൂഡൽഹി: ഡൽഹി ചെങ്കോട്ടക്ക് സമീപം നടന്ന സ്‌ഫോടനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര. മോദിയുടെ പഴയ ട്വീറ്റ് എക്സില്‍ ഷെയർ ചെയ്തുകൊണ്ടായിരുന്നു മൊയ്ത്രയുടെ വിമർശനം. 'നമ്മളെ സംരക്ഷിക്കാൻ ഇന്ത്യക്ക് ഒരു സർക്കാർ ആവശ്യമാണ്. മറ്റ് പണികൾ നിങ്ങളെ കാത്തിരിക്കുന്നു..' എന്നാണ് മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തത്. ഇന്ത്യക്ക് ശക്തമായ സർക്കാർ ആവശ്യമാണെന്നും തനിക്ക് വേണമെങ്കിൽ തിരികെ പോയ ഒരു ചായക്കട തുറക്കാമെന്ന മോദിയുടെ  2014  ഏപ്രില്‍ 29  ലെ ട്വീറ്റാണ് മഹുവ പങ്കുവെച്ചത്.

Advertising
Advertising

ചെങ്കോട്ട സ്‌ഫോടനത്തിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. സുരക്ഷ വീഴ്ചയുൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം രംഗത്തെത്തിയത്. സ്വന്തം വീട്ടിൽ പൗരന്മാർ മരിച്ചുവീഴുമ്പോൾ വിദേശ മണ്ണിൽ കാമറകൾക്ക് മുന്നിൽ പോസ് ചെയ്യുന്ന തിരക്കിലാണ് മോദിയെന്ന് തൃണമൂൽ കോൺഗ്രസ് വിമർശിച്ചു. ഒരു തരി മനസാക്ഷിയെങ്കിലുമുള്ള ഏതൊരു ആഭ്യന്തര മന്ത്രിയും ഇപ്പോൾ ആ സ്ഥാനമൊഴിഞ്ഞിരിക്കണമെന്നും ടിഎംസി എക്‌സിൽ കുറിച്ചു.

''പുൽവാമ, പഹൽഗാം. ഇപ്പോൾ ദേശീയ തലസ്ഥാനത്തിൻറെ ഹൃദയഭാഗത്ത് ഒരു ബോംബ് സ്‌ഫോടനം. ഓരോ തവണയും, രാജ്യം രക്തം വാർത്തുകൊണ്ടിരിക്കുന്നു. ഓരോ തവണയും ഒരേ മനുഷ്യൻ, @അമിത്ഷാ ഒന്നും സംഭവിക്കാത്തതുപോലെ ഒരു ഉത്തരവാദിത്തവുമില്ലാതെ നടക്കുന്നു. ഒരു തരി മനസ്സാക്ഷിയെങ്കിലും ഉള്ള ഏതൊരു ആഭ്യന്തര മന്ത്രിയും ഇപ്പോൾ സ്ഥാനമൊഴിഞ്ഞിരിക്കും. എന്നാൽ പശ്ചാത്താപവും ഉത്തരവാദിത്തവും ഈ ഭരണകൂടത്തിന് അന്യമാണ്.

'പ്രധാന സേവക'നെ സംബന്ധിച്ചിടത്തോളം, നരേന്ദ്രമോദി സ്വന്തം വീട്ടിൽ പൗരൻമാർ മരിച്ചു വീഴുമ്പോൾ വിദേശ മണ്ണിൽ ക്യാമറകൾക്ക് മുന്നിൽ പോസ് ചെയ്യുന്ന തിരക്കിലാണ്. ഓരോ സ്‌ഫോടനവും ഓരോ സുരക്ഷാ വീഴ്ചയും നഷ്ടപ്പെടുന്ന ഓരോ നിരപരാധിയുടെ ജീവനും ദേശീയ സുരക്ഷയുടെ പൂർണമായ തകർച്ചയെ തുറന്നുകാട്ടുന്നു'' ടിഎംസി കുറിച്ചു.

മുഴുസമയവും സുരക്ഷാവലയത്തിലുള്ള ചെങ്കോട്ടയുടെ മുന്നിൽ രാജ്യത്തെ നടുക്കിയ സ്‌ഫോടനം എങ്ങനെയുണ്ടായിയെന്നാണ് പ്രതിപക്ഷം ചോദിക്കുന്നത്.  ഭീകരവാദികൾക്ക് കർശന നടപടികൾ സ്വീകരിക്കുമ്പോൾ ഇത്തരം അപകടങ്ങൾ മുൻകൂട്ടി കാണാൻ രഹസ്യ അന്വേഷണ വിഭാഗങ്ങൾക്ക് കഴിയാതിരുന്നത് എന്തുകൊണ്ടെന്ന ചോദ്യവും പ്രതിപക്ഷമുയർത്തുന്നുണ്ട്.

സംഭവത്തിൽ സത്യസന്ധവും ആഴത്തിലുള്ള അന്വേഷണം നടത്തണമെന്നും അന്വേഷണത്തിലൂടെ ജനങ്ങൾക്ക് ആത്മവിശ്വാസം നൽകാൻ കേന്ദ്രത്തിനു സാധിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

സുരക്ഷാ വീഴ്ചയ്ക്ക് ഉത്തരവാദികളായവർ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടു. കൃത്യമായ അന്വേഷണം വേണമെന്ന് രാഹുൽ ഗാന്ധിയും ഡൽഹിയുടെ സുരക്ഷയിൽ വിട്ടുവീഴ്ച അനുവദിക്കാനാവില്ലെന്ന് അരവിന്ദ്  കെജ്‍രിവാളും പറഞ്ഞു.

അതേസമയം, കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.ഗൂഢാലോചനക്ക് പിന്നിലുള്ളവരെ വെറുതെ വിടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. അന്വേഷണത്തിന്റെ കണ്ടെത്തലുകൾ ഉടൻ വെളിപ്പെടുത്തുമെന്ന് പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിങ്ങും പ്രതികരിച്ചിട്ടുണ്ട്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News