പാർട്ടി നേതൃത്വം പ്രിയങ്കാ ഗാന്ധി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട നേതാവിനെ പുറത്താക്കി കോൺഗ്രസ്

കട്ടക്ക്- ബരാബതി മണ്ഡലത്തിൽ നിന്നുള്ള മുൻ എംഎൽഎ ആണ് മുഖീം

Update: 2025-12-16 05:25 GMT

ഭുവനേശ്വർ: പാർട്ടി നേതൃത്വം പ്രിയങ്കാ ഗാന്ധി ഏറ്റെടുക്കണമെന്നും സംഘടനാപരവും പ്രത്യയശാസ്ത്രപരവുമായ മാറ്റങ്ങൾ വേണമെന്നും ആവശ്യപ്പെട്ട ഒഡീഷയിലെ മുതിർന്ന മുഹമ്മദ് മുഖീമിനെ പുറത്താക്കി കോൺഗ്രസ്. ഉന്നത നേതാക്കളെ വിമർശിക്കുകയും പാർട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങൾ പരസ്യമായി പറയുകയും ചെയ്തത് സംഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. തന്റെ നടപടി അച്ചടക്കലംഘനമാണെന്ന് മുഖീമിന് അറിയാമെന്നും നടപടിയെടുക്കാൻ വേണ്ടി മനപ്പൂർവം നടത്തിയ പ്രസ്താവനയാണെന്നും ഒഡീഷയിലെ കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

കട്ടക്ക്- ബരാബതി മണ്ഡലത്തിൽ നിന്നുള്ള മുൻ എംഎൽഎ ആണ് മുഖീം. പാർട്ടിയുടെ നന്മക്ക് വേണ്ടിയാണ് പറഞ്ഞതെന്നും ഇതിൽ ഖേദമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ധീരമായി കാര്യങ്ങൾ പറയണമെന്നാണ് രാഹുൽ ഗാന്ധി എപ്പോഴും ആവശ്യപ്പെടാറുള്ളത്. അതിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് പാർട്ടിയിലെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി സോണിയാ ഗാന്ധിക്ക് കത്തയച്ചത്. പാർട്ടി അത് സ്വീകരിക്കാതെ എന്നെ പുറത്താക്കുകയാണ് ചെയ്തത്. തനിക്ക് കൂടുതലൊന്നും പറയാനില്ലെന്നും മുഖീം പ്രതികരിച്ചു.

Advertising
Advertising

നേതാക്കളെ തിരഞ്ഞെടുക്കുന്നതിലെ തെറ്റായ പ്രവണത, നേതാക്കളും പ്രവർത്തകരും തമ്മിലുള്ള അകൽച്ച, യുവാക്കളുമായി നേരിട്ട് ബന്ധപ്പെടുന്നതിലെ വെല്ലുവിളികൾ തുടങ്ങിയവയാണ് പാർട്ടിയെ തകർത്തതെന്ന് സോണിയാ ഗാന്ധിക്കയച്ച കത്തിൽ മുഖീം പറഞ്ഞിരുന്നു. തന്റെ അഭിപ്രായം നിരവധി കോൺഗ്രസ് നേതാക്കൾക്കുണ്ടെങ്കിലും ആരും ശബ്ദമുയർത്താൻ ധൈര്യപ്പെടുന്നില്ലെന്ന് മുഖീം പറഞ്ഞു.

താൻ മുഴുവൻ സമയ രാഷ്ട്രീയക്കാരനാണെന്നും സമുദായത്തിനും ജനങ്ങൾക്കും വേണ്ടിയുള്ള പ്രവർത്തനം തുടരുമെന്നും മുഖീം പറഞ്ഞു. അനുയായികളുമായും ഉപദേശകരുമായും ചർച്ച നടത്തി ഭാവികാര്യങ്ങൾ തീരുമാനിക്കുമെന്നും മുഖീം വ്യക്തമാക്കി. അദ്ദേഹത്തിന്റെ മകൾ സോഫിയ ഫിർദൗസ് കട്ടക്- ബരാബതി മണ്ഡലത്തിലെ എംഎൽഎ ആണ്. അവർ കോൺഗ്രസ് എംഎൽഎ ആണെന്നും പാർട്ടിയിൽ തുടരുമെന്നും മുഖീം പറഞ്ഞു.

83 കാരനായ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് യുവാക്കളെ പാർട്ടിയിലേക്ക് ആകർഷിക്കുന്നതിന് പരിമിതിയുണ്ട്. കഴിഞ്ഞ മൂന്ന് വർഷമായി രാഹുൽ ഗാന്ധിയെ കാണാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞിട്ടില്ല. എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പക്ഷപാതപരമായാണ് പെരുമാറുന്നത്. പാർട്ടിയുടെ നേതൃത്വം പ്രിയങ്കാ ഗാന്ധി ഏറ്റെടുക്കണം. തുടർച്ചയായി കഴിഞ്ഞ ആറ് നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഒഡീഷയിൽ കോൺഗ്രസ് പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതിൽ നിന്ന് പാർട്ടിയെ കരകയറ്റാനുള്ള ശേഷി പിസിസി അധ്യക്ഷൻ ഭക്ത ദാസിന് ഇല്ലെന്നും സോണിയാ ഗാന്ധിക്കയച്ച കത്തിൽ മുഹമ്മദ് മുഖീം ചൂണ്ടിക്കാട്ടിയിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News