ഹരേ കൃഷ്ണ മൂവ്‌മെന്റ് സ്ഥാപകന്റെ ഓർമയ്ക്കായി 125 രൂപയുടെ നാണയം പുറത്തിറക്കി മോദി
ചാതുർവർണ്യത്തെ പ്രോത്സാഹിപ്പിച്ച സ്വാമിയായിരുന്നു പ്രഭുപദ എന്ന് വിമർശനമുണ്ട്
ന്യൂഡൽഹി: ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്‌നസ് (ഇസ്‌കോണ്‍) സ്ഥാപകൻ ശ്രീല ഭക്തവേദാന്ത സ്വാമി പ്രഭുപാദയുടെ സ്മരണാർത്ഥം 125 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. ഹരേ കൃഷ്ണ മൂവ്‌മെന്റിന്റെ സ്ഥാപകനായ പ്രഭുപാദയുടെ 125-ാം ജന്മവാർഷിക ദിനത്തോടനുബന്ധിച്ച് വീഡിയോ കോൺഫറൻസ് വഴിയാണ് നാണയം പുറത്തിറക്കിയത്.
സ്വാമി പ്രഭുപാദയുടെ പേരിൽ നാണയം പുറത്തിറക്കുന്നതിൽ അഭിമാനമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. സമർപ്പണവും സംതൃപ്തിയും ഒന്നിച്ചു വരുന്ന ആഹ്ളാദ മുഹൂർത്തമാണിത്. സ്വാമി പ്രഭുപാദയുടെ ലോകത്തുടനീളമുള്ള ദശലക്ഷക്കണക്കിന് ഭക്തർക്കും ഇതേ വികാരമാകും ഉണ്ടാകുക- അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ മൂല്യങ്ങളുടെയും സംസ്‌കൃതിയുടെയും ബ്രാൻഡ് അംബാസഡറായിരുന്നു സ്വാമിയെന്നും മോദി പറഞ്ഞു. ഭഗവത് ഗീത അടക്കമുള്ളവ സാഹിത്യങ്ങൾ 89 ഭാഷകളിലേക്ക് വിവർത്തനം ചെയ്ത സംഘടനയാണ് ഇസ്‌കോൺ. നൂറിലധികം ക്ഷേത്രങ്ങളും സ്ഥാപിച്ചിട്ടുണ്ട്.
അതിനിടെ, ചാതുർവർണ്യത്തെ പ്രോത്സാഹിപ്പിച്ച സ്വാമിയായിരുന്നു പ്രഭുപാദ എന്നും വിമർശനമുണ്ട്. 'നാലു വർണങ്ങളുണ്ട്. വർണരഹിത സമൂഹത്തിൽ കാര്യങ്ങൾ നേരായി കൈകാര്യം ചെയ്യാനാകില്ല. ഏറ്റവും ബുദ്ധിയുള്ള വിഭാഗം ബ്രാഹ്‌മണരാണ്. അടുത്തത് ക്ഷത്രിയരും പിന്നീട് വൈശ്യരും. അവസാനത്തെ വിഭാഗമായ ശൂദ്രർക്ക് ബുദ്ധിയില്ല. ഈ നാല് വിഭാഗവും ഇവിടെ ഉണ്ടായിരിക്കണം. വർണവിഭജനമില്ലാതെയാണ് സർക്കാർ വോട്ടവകാശം ഉണ്ടാക്കിയത്. വർണരഹിതത്തിന്റെ അർത്ഥം വിഡ്ഢികൾ, തെമ്മാടികൾ, ശൂദ്രർ എന്നാണ്.'- എന്നിങ്ങനെയാണ് അദ്ദേഹം ജാതി വ്യവസ്ഥയെ ന്യായീകരിച്ചിരുന്നത്. 1977ൽ 82-ാം വയസ്സിലാണ് ഇദ്ദേഹം അന്തരിച്ചത്.
നേരത്തെ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാർഷിക ദിനത്തിൽ സർക്കാർ 125 രൂപയുടെ നാണയം പുറത്തിറക്കിയിരുന്നു. ഇത്തരം നാണയങ്ങൾ വിപണിയിലുണ്ടാകില്ല. ഇവർക്കുള്ള ആദരമെന്ന രീതിയിലാണ് ഇവ പുറത്തിറക്കുന്നത്. റിസർവ് ബാങ്കിൽ ബുക്കു ചെയ്തു മാത്രമേ ഇവ വാങ്ങാനാകൂ.