'യുപി സർക്കാരിന് കൊളോണിയൽ ചിന്താഗതി'; രൂക്ഷ വിമർശനവുമായി സുപ്രിംകോടതി

ജില്ലാ മജിസ്‌ട്രേറ്റ് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ ഭാര്യമാരെ സഹകരണസംഘങ്ങളുടെയും സമാന സ്ഥാപനങ്ങളുടെയും എക്‌സ് ഒഫീഷ്യോ അംഗങ്ങളായി നിയമിക്കുന്ന രീതിയാണ് സുപ്രിംകോടതിയുടെ വിമർശനത്തിന് കാരണമായത്

Update: 2025-11-26 10:12 GMT

ന്യൂഡൽഹി: കൊളോണിയൽ കാലഘട്ടിലെ മനോഭാവം പുലർത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ഉത്തർപ്രദേശ് സർക്കാരിന് സുപ്രിംകോടതിയുടെ രൂക്ഷവിമർശനം. ജില്ലാ മജിസ്‌ട്രേറ്റ് (കലക്ടർ) ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ ഭാര്യമാരെ സഹകരണസംഘങ്ങളുടെയും സമാന സ്ഥാപനങ്ങളുടെയും എക്‌സ് ഒഫീഷ്യോ അംഗങ്ങളായി നിയമിക്കുന്ന രീതിയാണ് സുപ്രിംകോടതിയുടെ വിമർശനത്തിന് കാരണമായത്. കൊളോണിയൽ കാലത്തെ രീതി പിന്തുടരുന്ന ഇത്തരം നടപടി അവസാനിപ്പിക്കാൻ രണ്ട് മാസത്തിനകം ബന്ധപ്പെട്ട വകുപ്പുകളിൽ മാറ്റം വരുത്താൻ യുപി സർക്കാരിന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബഗ്ചി എന്നിവരുടെ ബെഞ്ച് നിർദേശം നൽകി.

Advertising
Advertising

ഉത്തർപ്രദേശിലെ നിരവധി സഹകരണ സംഘങ്ങളുടെ പ്രസിഡന്റ് ഉൾപ്പെടെയുള്ള പദവികൾ ചീഫ് സെക്രട്ടറി, ജില്ലാ മജിസ്‌ട്രേറ്റ് തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുടെ ഭാര്യമാർക്ക് നൽകുന്ന വ്യവസ്ഥകളാണ് നിലവിലുള്ളത്. ഇത്തരം വ്യവസ്ഥകൾ ജനാധിപത്യ തത്ത്വങ്ങളുമായി ഒട്ടും യോജിച്ചുപോകാത്തവയാണെന്ന് കോടതി പറഞ്ഞു.

ബുലന്ദ്ഷഹ്‌റിലെ വനിതാ സ്വയംസഹായസംഘമായ സിഎം ജില്ലാ മഹിളാസമിതി നൽകിയ ഹരജിയിലാണ് കോടതി വിമർശനം. സമിതിയുടെ എക്‌സ് ഓഫീഷ്യോ പ്രസിഡന്റായി ജില്ലാ മജിസ്‌ട്രേറ്റിന്റെ ഭാര്യയെ നിയമിച്ചത് ചോദ്യം ചെയ്താണ് ഹരജി.

ജനാധിപത്യ രീതിയിലല്ലാതെ ജില്ലാ മജിസ്‌ട്രേറ്റിന്റെ ഭാര്യയെ എന്ത് സഹകരണസംഘം എക്‌സ് ഓഫീഷ്യോ പ്രസിഡന്റാക്കണമെന്ന് കോടതി ചോദിച്ചു. പൊതുസംവിധാനങ്ങൾ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളാണ് നയിക്കേണ്ടതെന്ന് കോടതി പറഞ്ഞു. 1860ലെ രജിസ്‌ട്രേഷൻ നിയമത്തിന് പകരമായി പുതിയ ബിൽ തയ്യാറാക്കി വരികയാണെന്നും ഇതിനായി ജനുവരി അവസാനം വരെ സമയം വേണമെന്നും യുപി സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു. നിയമസഭ ബിൽ പാസാക്കിയാൽ അക്കാര്യം അറിയിക്കണമെന്ന് കോടതി നിർദേശിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News