Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
ബംഗളൂരു: നിരവധി പെണ്‍കുട്ടികളുടെ മൃതശരീരങ്ങള്‍ കുഴിച്ചിട്ടിട്ടുണ്ടെന്ന മുന്‍ ശുചീകരണം തൊഴിലാളിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണസംഘം കര്‍ണാടകയിലെ ധര്‍മ്മസ്ഥലയില്‍ നടത്തുന്ന മണ്ണു മാറ്റിയുള്ള പരിശോധന അവസാന ഘട്ടത്തിലേക്ക്.
ഒമ്പതാം ദിവസമായ ഇന്ന് പതിമൂന്നാമത്തെ പോയിന്റും സാക്ഷി ചൂണ്ടി കാണിക്കുന്ന മറ്റേതെങ്കിലും പോയിന്റ് ഉണ്ടെങ്കില്‍ അതിലും തിരച്ചില്‍ നടത്തു. നേരത്തെ ആറാമത്തെ പോയിന്റില്‍ നിന്ന് ലഭിച്ച അസ്ഥികൂട അവശിഷ്ടങ്ങള്‍ സംബന്ധിച്ച ഫോറന്‍സിക് പരിശോധനാഫലം ഇന്ന് ലഭിച്ചേക്കും. ഇതും കഴിഞ്ഞദിവസം ലഭിച്ച മൃതദേഹ അവശിഷ്ടവും പുരുഷന്മാരുടെത് എന്നാണ് പ്രാഥമിക നിഗമനം.
15 വയസ്സ് പ്രായം തോന്നിക്കുന്ന പെണ്‍കുട്ടിയുടെ മൃതദേഹം രേഖകളോ പരിശോധനയോ ഇല്ലാതെ കുഴിച്ചിട്ടെന്ന് പരാതി നല്‍കിയ ടി.ജയന്ത് എന്ന സാമൂഹ്യപ്രവര്‍ത്തകന്റെ പരാതി എസ് ഐ ടി അന്വേഷണത്തിനായി ഏറ്റെടുത്തു. പതിമൂന്നാമത്തെ പോയിന്റിനുശേഷം അന്വേഷണ നടപടികള്‍ എങ്ങനെ വേണമെന്നതില്‍ ഡിജിപിയുടെ നേതൃത്വത്തില്‍ ചേരുന്ന യോഗം തീരുമാനമെടുക്കും.