ന്യൂഡല്‍ഹി: ഡൽഹി കലാപ ഗൂഢാലോചന കേസിൽ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും കഴിഞ്ഞദിവസം സുപ്രിംകോടതി ജാമ്യം നിഷേധിച്ചിരുന്നു.എന്നാൽ മറ്റ് അഞ്ച് പേർക്ക് കോടതി ജാമ്യം അനുവദിച്ചു. ഗുൽഫിഷ ഫാത്തിമ, മീരാൻ ഹൈദർ, ഷിഫഉർറഹ്മാൻ, മുഹമ്മദ് സലീം ഖാൻ, ഷദാബ് അഹമ്മദ് എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.
അതേസമയം, കൂടെയുള്ള മറ്റുള്ളവർക്ക് ജാമ്യം ലഭിച്ചതിൽ തനിക്ക് വലിയ സന്തോഷമുണ്ടെന്നും അപ്പോഴും, ഇത്രയും കാലം അവർക്ക് നേരിടേണ്ടി വന്ന അനീതിയെ അപലപിക്കുന്നുവെന്ന് സഹോദന് അയച്ച സന്ദേശത്തില്‍ ഷർജീൽ ഇമാം പറയുന്നു.
കോടതി വിധിക്ക് ശേഷം സഹോദരൻ മുസമ്മിലിലൂടെ ഷർജീൽ ഇമാം അയച്ച സന്ദേശം..
'കൂടെയുള്ള മറ്റുള്ളവർക്ക് ജാമ്യം ലഭിച്ചതിൽ എനിക്ക് വലിയ സന്തോഷമുണ്ട്. അപ്പോഴും, ഇത്രയും കാലം അവർക്ക് നേരിടേണ്ടി വന്ന അനീതിയെ ഞാൻ അപലപിക്കുന്നു.
ഞങ്ങളെ സംബന്ധിച്ചിടത്തോളം, സമീപകാല ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ജനകീയ പ്രതിഷേധം സംഘടിപ്പിക്കുന്നതിനും അതിന് നേതൃത്വം നൽകുന്നതിനും ഉമറും (ഉമർ ഖാലിദ്) ഞാനും ശിക്ഷിക്കപ്പെടുകയാണെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. സംഘടിത പ്രതിഷേധങ്ങളെ കുറ്റകരമാക്കുകയും, അത്തരം പ്രതിഷേധങ്ങൾ സൃഷ്ടിക്കുന്ന തടസ്സങ്ങളെ ഭീകരപ്രവർത്തനമായി കണക്കാക്കുകയുമാണ് ഈ വിധി ചെയ്യുന്നത്. ഭീകരപ്രവർത്തനവും ജനാധിപത്യപരമായ വിയോജിപ്പും പ്രതിഷേധവും തമ്മിലുള്ള വ്യത്യാസത്തെ ഇത് കൂടുതൽ അവ്യക്തമാക്കുന്നു.
വ്യക്തിപരമായ കാര്യമെടുത്താൽ, പ്രായമായ എൻ്റെ ഉമ്മയുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെക്കുറിച്ച് മാത്രമാണ് എനിക്ക് ആശങ്കയുള്ളത്.
അതൊഴിച്ചാൽ, കേസുമായി ബന്ധപ്പെട്ട് ഞാൻ ശുഭാപ്തിവിശ്വാസത്തിലാണ്. സത്യം ആത്യന്തികമായി വിജയിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഇൻഷാ അള്ളാ, നമ്മൾ വിജയിക്കും.
അതുവരെ, എനിക്ക് കഴിയുന്ന രീതിയിൽ എൻ്റെ ബൗദ്ധികവും അക്കാദമികവുമായ യാത്ര ഞാൻ തുടർന്നു കൊണ്ടിരിക്കും.
ഫൈസ് അഹമ്മദ് ഫൈസിൻ്റെ വരികളും പങ്കുവെച്ചാണ് സന്ദേശം അവസാനിക്കുന്നത്...
ദിൽ നാ-ഉമീദ് തോ നഹീൻ നാകാം ഹി തോ ഹേ, ലംബി ഹേ ഗം കി ഷാം മഗർ ഷാം ഹി തോ ഹേ. (പരാജയപ്പെട്ടതേയുള്ളൂ, പക്ഷേ മനസ്സിൽ പ്രതീക്ഷ അറ്റുപോകുന്നില്ല, ദുഃഖത്തിൻ്റെ ഈ വൈകുന്നേരത്തിന് ദൈർഘ്യം കൂടുതലായിരിക്കാം, എങ്കിലും ഇത് വെറുമൊരു സന്ധ്യ മാത്രമാണ്—അതൊടുങ്ങുക തന്നെ ചെയ്യും.)