ഡൽഹി സ്‌ഫോടനത്തിൽ ഞെട്ടിവിറച്ച് രാജ്യം; കേരളത്തിലും മുംബൈയിലും കൊൽക്കത്തയിലും അതീവ ജാഗ്രത

പത്ത് പേർ മരിച്ച സ്ഫോടനത്തെ തുടർന്ന് കേരളത്തിലും മുംബൈയിലും കൊൽക്കത്തയിലും ജാഗ്രതാ നിർദേശം

Update: 2025-11-11 02:06 GMT

Delhi Blast | Photo: The Hindu

ന്യൂഡൽഹി: ഡൽഹിയിൽ ചെങ്കോട്ടക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ ഞെട്ടിവിറച്ച് രാജ്യം. പത്ത് പേർ മരിച്ച സ്ഫോടനത്തെ തുടർന്ന് കേരളത്തിലും മുംബൈയിലും കൊൽക്കത്തയിലും ജാഗ്രതാ നിർദേശം. കേരളത്തിലടക്കം ജാഗ്രതാ നിർദേശമുണ്ടെന്ന് സംസ്ഥാന ഡിജിപി റവാഡ ചന്ദ്രശേഖർ മീഡിയവണിനോട് പറഞ്ഞു. പരിക്കേറ്റ 24 പേരിൽ ആറ് പേരുടെ നില ​ഗുരുതരമാണ്. സ്ഫോടനമുണ്ടായത് ഹ്യുണ്ടായി ഐ ട്വന്റി കാറിലാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സ്ഥിരീകരിച്ചു.

ഇന്ന്  വൈകുന്നേരം പതിയെ വന്ന കാർ സിഗ്നലിൽ വെച്ച് പൊട്ടിത്തെറിച്ചുവെന്ന് ഡൽഹി പൊലീസ്. 'ഇന്ന് വൈകുന്നേരം 6.52 ഓടെ പതിയെ വന്ന കാര് സിഗ്നലിൽ വെച്ച് പൊട്ടിത്തെറിച്ചു. സ്ഫോടനം മൂലം സമീപത്തുള്ള വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. എഫ്എസ്എൽ, എൻഐഎ ഉൾപ്പെടെയുള്ള എല്ലാ ഏജൻസികളും ഇവിടെയുണ്ട്. സ്ഥിതിഗതികൾ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.' ഡൽഹി പൊലീസ് കമ്മീഷണർ സതീഷ് ഗോൽച പറഞ്ഞു.

Advertising
Advertising

സ്ഫോടനത്തെ തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചു. ഡൽഹി പൊലീസ് കമ്മീഷണറും എൻഐഎ ഇന്റലിജൻസ് ബ്യൂറോ (ഐബി) മേധാവികളും സ്ഥിതിഗതികൾ ആഭ്യന്തര മന്ത്രിയെ അറിയിക്കുന്നുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഡൽഹിയിൽ ഉടനീളം പൊലീസ് പട്രോളിംഗ് നടത്തുന്നു. ബാരിക്കേഡുകൾ സ്ഥാപിക്കാനും സംശയാസ്പദമായി കാണപ്പെടുന്ന വാഹനങ്ങൾ തടയാനും അവ വിശദമായി പരിശോധിക്കാനും സ്റ്റേഷൻ ഇൻ-ചാർജിനോട് നിർദേശിച്ചിട്ടുണ്ട്. 

ആൾത്തിരക്കുള്ള ചാന്ദ്‌നി ചൗക്കിന് നേരെ എതിർവശത്ത് സ്ഥിതി ചെയ്യുന്ന ചെങ്കോട്ടയുടെ ഒന്നാം നമ്പർ ഗേറ്റിന് സമീപമാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ കെട്ടിടം മുഴുവൻ കുലുങ്ങിയാതായും കുറച്ച് നേരത്തേക്ക് എന്താണ് നടക്കുന്നതെന്ന് മനസിലായില്ലെന്നും സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് ഏകദേശം 800 മീറ്റർ അകലെയുള്ള ചാന്ദ്‌നി ചൗക്ക് ട്രേഡേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റ് സഞ്ജയ് ഭാർഗവ് പറഞ്ഞു. ശരീരഭാഗങ്ങൾ ചിതറി റോഡിൽ വീഴുന്നത് തന്റെ കണ്മുന്നിൽ കണ്ടതായും സ്ഫോടനം വളരെ ഉച്ചത്തിലായിരുന്നുവെന്നും ശബ്ദം കാരണം  ചെവി വേദനിക്കുന്നുണ്ടെന്നും ഒരു ദൃക്‌സാക്ഷി പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. ചെങ്കോട്ടയ്ക്ക് സമീപത്ത് നിന്ന് വെടിയുണ്ടകൾ കണ്ടെടുത്തതായും എൻഡിടിവി റിപ്പോർട്ടിൽ പറയുന്നു.

ഡൽഹി സ്‌ഫോടനത്തിൽ ആശങ്ക രേഖപ്പെടുത്തി രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. 'അങ്ങേയറ്റം ഹൃദയഭേദകവും ആശങ്കാജനകവും'. രാഹുൽ ഗാന്ധി എക്‌സിൽ പങ്കുവെച്ചു. പരിക്കേറ്റവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തുന്നതായും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നതായും പ്രിയങ്ക ഗാന്ധി പറഞ്ഞു. 

 

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News