അനുമതി തേടിയത് 10,000 പേരുടെ പരിപാടിക്ക്, എത്തിയത് 50,000ത്തോളം പേർ; വിജയ് എറിഞ്ഞ വെള്ളക്കുപ്പിക്കായുള്ള തിക്കും തിരക്കും ദുരന്തത്തിന്‍റെ വ്യാപ്തി കൂട്ടി

വന്‍ തിരക്കും നിര്‍ജലീകരണവും കൂടിയായപ്പോള്‍ മണിക്കൂറുകളായി നിലയുറപ്പിച്ച പ്രവര്‍ത്തകരും കുട്ടികളും ബോധരഹിതരായിരുന്നു

Update: 2025-09-28 02:46 GMT
Editor : Lissy P | By : Web Desk

വിജയ് ആള്‍ക്കൂട്ടത്തിന് നേരെ വെള്ളക്കുപ്പി എറിയുന്നു | Photo | Tamilaga Vettri Kazhagam Youtube

കരൂര്‍(ചെന്നൈ):തമിഴ്നാട്ടില്‍ നടനും ടിവികെ അധ്യക്ഷനുമായ വിജയിയുടെ റാലിക്ക് അനിയന്ത്രിതമായി ആളുകൾ എത്തിയതാണ് രാജ്യത്തെ നടുക്കിയ ദുരന്തത്തിന് ഇടയാക്കിയത്. പതിനായിരം പേരുടെ പരിപാടിക്കാണ് സംഘാടകർ അനുമതി തേടിയത്. എത്തിയതാകട്ടെ 50,000 പേരും.ശനിയാഴ്ച ഉച്ചയ്ക്ക് നടക്കേണ്ടിയിരുന്ന പരിപാടി മണിക്കൂറുകൾ നീണ്ടതും ദുരന്തത്തിന്റെ ആക്കം കൂട്ടി.

കരൂരിലെ വേലുച്ചാമിപുരത്ത് കഴിഞ്ഞ ദിവസം വൈകിട്ട് ഏഴ് മണിക്ക് ശേഷമാണ് യോഗം ആരംഭിച്ചത്. നാമക്കലിലെ റാലിക്ക് ശേഷം പറഞ്ഞതിലും ആറ് മണിക്കൂര്‍ വൈകിയാണ് വിജയ് കരൂരില്‍ എത്തിയത്.

വന്‍ തിരക്കും നിര്‍ജലീകരണവും കൂടിയായപ്പോള്‍ മണിക്കൂറുകളായി നിലയുറപ്പിച്ച പ്രവര്‍ത്തകരും കുട്ടികളും ബോധരഹിതരായി. വെള്ളക്കുപ്പികള്‍ എത്തിക്കാന്‍ പൊലീസിന്‍റെ സഹായം വിജയ് ആവശ്യപ്പെട്ടെങ്കിലും വന്‍ തിരക്കിനിടെ ആ ശ്രമം വിഫലമായി. വാഹനത്തില്‍ നിന്നും വിജയ് വെള്ളക്കുപ്പികള്‍ ജനങ്ങള്‍ക്ക് എറിഞ്ഞ് നല്‍കിയതോടെയാണ് സാഹചര്യം കൂടുതല്‍ വഷളായത്. വെള്ളക്കുപ്പിക്കായി തിക്കും തിരക്കും വര്‍ദ്ധിച്ചതോടെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിലത്ത് വീണു.

Advertising
Advertising

വന്‍ തിരക്കിനിടെ ആംബുലന്‍സുകളെ കടത്തി വിടുക ശ്രമകരമായിരുന്നു. നിലത്ത് വീണവരെയെല്ലാം പണിപ്പെട്ട് ആശുപത്രികളില്‍ എത്തിച്ചത്. അതിനിടെ പലര്‍ക്കും ജീവന്‍ നഷ്ടമായി. ആശുപത്രിയില്‍ കഴിയുന്ന പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

മൃതദേഹങ്ങള്‍ അരാവതി മെഡിക്കല്‍ കോളേജിലും കരൂര്‍ ആശുപത്രിയിലും സൂക്ഷിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നാലെ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ അടിയന്തര യോഗം വിളിച്ചു. ജുഡിഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ 10 ലക്ഷം രൂപയും ചികിത്സയിലുള്ളവര്‍ക്ക് ഒരു ലക്ഷം രൂപയും പ്രഖ്യാപിച്ചു. മരണ സംഖ്യ ഉയരുന്ന സാഹര്യത്തില്‍ പ്രതികരിക്കാതെ വിജയ് ട്രിച്ചി വഴി ചെന്നൈയിലേക്ക് മടങ്ങി.

വിജയ് യുടെ മൗനം വിവാദമായതോടെ ടിവികെയുടെ സാമൂഹിക മാധ്യമത്തിലൂടെ ആദ്യ പ്രതികരണം നടത്തി. 'എന്‍റെ ഹൃദയം നുറുങ്ങുന്നുവെന്നും അഗാദമായ അനുശോചനം രേഖപ്പെടുത്തുന്നു' എന്നുമായിരുന്നു പ്രതികരണം. രാഷ്ട്രപതി ദ്രൗപതി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, മുഖ്യമന്ത്രി പിണറായി വിജയന്‍, നടന്‍ രജനീകാന്ത് ഉള്‍പ്പെടെയുള്ളവര്‍ അനുശോചനം രേഖപ്പെടുത്തി. സംഭവത്തില്‍ കേന്ദ്രം അടിയന്തര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കേന്ദ്രം സഹായവും വാഗ്ദാനം ചെയ്തു. സംഭവത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സിപിഎമ്മും ബിജെപിയും രംഗത്തെത്തി. സംഘാടനത്തിലെ ഗുരുതര വീഴ്ചയും തിരക്കിനിടെ പൊലീസ് ലാത്തി വീശിയതും കരൂരിനെ ദുരന്ത ഭൂമിയാക്കുന്നതിന്‍റെ ആക്കം കൂട്ടിയെന്നും ആക്ഷേപമുണ്ട്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News