കരൂര്‍ ദുരന്തത്തില്‍ ധനസഹായം പ്രഖ്യാപിച്ച് വിജയ്; മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ
ഈയൊരു അവസ്ഥയില്‍ ഒരു കുടുംബാംഗമെന്ന നിലയില്‍ നിങ്ങളോടൊപ്പം നില്‍ക്കേണ്ടത് തന്‍റെ കടമയാണെന്നും വിജയ്
വിജയ് | Photo | indiatoday
ചെന്നൈ: തമിഴ്നാട്ടിലെ കരൂരിലുണ്ടായ ദുരന്തത്തില്‍ ധനസഹായം പ്രഖ്യാപിച്ച് നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്‍. തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയുമാണ് സഹായം പ്രഖ്യാപിച്ചിരുന്നത്.
"ഇത് ഞങ്ങൾക്ക് നികത്താനാവാത്ത നഷ്ടമാണ്. ആരൊക്കെ ആശ്വാസ വാക്കുകൾ പറഞ്ഞാലും, നമ്മുടെ പ്രിയപ്പെട്ടവരുടെ നഷ്ടം താങ്ങാനാവാത്തതാണ്. എന്നിരുന്നാലും, നിങ്ങളുടെ കുടുംബത്തിലെ ഒരു അംഗമെന്ന നിലയിൽ, പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട നമ്മുടെ ബന്ധുക്കളുടെ ഓരോ കുടുംബത്തിനും 20 ലക്ഷം രൂപ വീതവും, പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഓരോ വ്യക്തിക്കും 2 ലക്ഷം രൂപ വീതവും നൽകാൻ ഞാൻ ഉദ്ദേശിക്കുന്നു.ഇങ്ങനെയൊരു നഷ്ടത്തിനിടയില്‍ ഈ തുകക്ക് പ്രധാന്യമില്ലെന്നറിയാം. എന്നിരുന്നാലും, ഈ അവസ്ഥയില്‍ ഒരു കുടുംബാംഗമെന്ന നിലയില്‍ നിങ്ങളോടൊപ്പം നില്‍ക്കേണ്ടത് എന്‍റെ കടമയാണ്..വിജയ് എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു.
'കരൂരിൽ നടന്ന കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ, ഭാവനയ്ക്ക് അതീതമായ വിധത്തിൽ, എന്റെ ഹൃദയവും മനസ്സും അഗാധമായ ഭാരത്താൽ നിറഞ്ഞിരിക്കുന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടതിന്റെ അതിയായ ദുഃഖത്തിനിടയിൽ, എന്റെ ഹൃദയത്തിലനുഭവപ്പെടുന്ന വേദന പ്രകടിപ്പിക്കാൻ വാക്കുകൾ ഇല്ലാതെ ഞാൻ ബുദ്ധിമുട്ടുകയാണ്. എന്റെ കണ്ണുകളും മനസ്സും ദുഃഖത്താൽ മൂടപ്പെട്ടിരിക്കുന്നു. ഞാൻ കണ്ടുമുട്ടിയ നിങ്ങളുടെയെല്ലാം മുഖങ്ങൾ എന്റെ മനസ്സിലൂടെ മിന്നിമറയുന്നു. എന്റെ പ്രിയപ്പെട്ടവരെക്കുറിച്ച് കൂടുതൽ ചിന്തിക്കുന്തോറും എന്റെ ഹൃദയം കൂടുതൽ വഴുതിപ്പോകുന്നു. നമ്മുടെ പ്രിയപ്പെട്ടവരുടെ വേർപാടിൽ ദുഃഖിക്കുന്ന വേദനയോടെ എന്റെ അഗാധമായ അനുശോചനം അറിയിക്കുകയാണ്..' വിജയ് കുറിച്ചു.
നേരത്തെ അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് തമിഴ്നാട് സര്‍ക്കാര്‍ 10 ലക്ഷം രൂപയും ചികിത്സയിലുള്ളവര്‍ക്ക് ഒരു ലക്ഷം രൂപയും പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും അപകടത്തില്‍ ധനസഹായം പ്രഖ്യാപിച്ചു.മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷവും പരിക്കേറ്റവർക്ക് 50,000 രൂപയും നൽകും. പ്രധാനമന്ത്രിയുടെ ദുരന്തനിവാരണ ഫണ്ടിൽ നിന്നാകും ധനസഹായം നല്‍കുക.
അതിനിടെ, ടിവികെ പ്രചാരണത്തിനുള്ള സ്ഥലം തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് തമിഴ്നാട് ഗവർണർ ആർ.എൻ രവി മുഖ്യമന്ത്രി എം.കെ സ്റ്റാലിൽ നിന്ന് വിശദീകരണം തേടിയതായും റിപ്പോര്‍ട്ടുണ്ട്. വിജയ്‌യുടെ രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 39 പേര്‍മരിച്ച സംഭവത്തില്‍ ടി.വി.കെ ജനറൽ സെക്രട്ടറി ആനന്ദ്, ജോയിന്റ് സെക്രട്ടറി നിർമ്മൽ കുമാർ എന്നിവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ശനിയാഴ്ച കരൂരിലെ വേലുച്ചാമിപുരത്ത് വൈകിട്ട് ഏഴ് മണിക്ക് ശേഷമാണ് വിജയ്‍യുടെ റാലി ആരംഭിച്ചത്. നാമക്കലിലെ റാലിക്ക് ശേഷം പറഞ്ഞതിലും ആറ് മണിക്കൂര്‍ വൈകിയാണ് വിജയ് കരൂരില്‍ എത്തിയത്. വന്‍ തിരക്കും നിര്‍ജലീകരണവും കൂടിയായപ്പോള്‍ മണിക്കൂറുകളായി നിലയുറപ്പിച്ച പ്രവര്‍ത്തകരും കുട്ടികളും ബോധരഹിതരായി. വെള്ളക്കുപ്പികള്‍ എത്തിക്കാന്‍ പൊലീസിന്‍റെ സഹായം വിജയ് ആവശ്യപ്പെട്ടെങ്കിലും വന്‍ തിരക്കിനിടെ ആ ശ്രമം വിഫലമായി. വാഹനത്തില്‍ നിന്നും വിജയ് വെള്ളക്കുപ്പികള്‍ ജനങ്ങള്‍ക്ക് എറിഞ്ഞ് നല്‍കിയതോടെയാണ് സാഹചര്യം കൂടുതല്‍ വഷളായത്. വെള്ളക്കുപ്പിക്കായി തിക്കും തിരക്കും വര്‍ദ്ധിച്ചതോടെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിലത്ത് വീഴുകയായിരുന്നു.ഇതാണ് അപകടത്തിന്‍റെ വ്യാപ്തി കൂട്ടിയതെന്നാണ് റിപ്പോര്‍ട്ട്.