ധർമസ്ഥലയിലെ ദുരൂഹമരണങ്ങൾ: ചിന്നയ്യയുടെ വെളിപ്പെടുത്തൽ പൂർണമായി ശരിയെന്ന് വിട്ടൽ ഗൗഡ
2012ൽ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ധർമ്മസ്ഥല ശ്രീ ക്ഷേത്രക്ക് കീഴിലെ പി.യു കോളജ് വിദ്യാർഥിനിയുടെ മാതൃസഹോദരനാണ് ഗൗഡ
മംഗളൂരു: ധർമസ്ഥലയിലെ കൂട്ട ശവസംസ്‌കാരം സംബന്ധിച്ച് മുൻ ശുചീകരണ തൊഴിലാളി മാണ്ഡ്യ സ്വദേശി ചിന്നയ്യ പരാതിക്കാരനായ സാക്ഷി എന്ന നിലയിൽ വെളിപ്പെടുത്തിയ കാര്യങ്ങൾ 100 ശതമാനം ശരിയാണെന്ന് വിട്ടൽ ഗൗഡ. 2012ൽ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ധർമ്മസ്ഥല ശ്രീ ക്ഷേത്രക്ക് കീഴിലെ പി.യു കോളജ് വിദ്യാർഥിനിയുടെ മാതൃസഹോദരനായ ഗൗഡ രണ്ടു തവണ പ്രത്യേക അന്വേഷണ സംഘത്തിന് ഒപ്പം നേത്രാവതി ധർമസ്ഥല കുളിക്കടവിന് സമീപമുള്ള ബംഗ്ലെഗുഡ്ഡെയിൽ പോയ ശേഷം പുറത്തുവിട്ട വീഡിയോയിലാണ് ഈ അവകാശവാദം.
കുഴിച്ചിട്ട നിരവധി അസ്ഥികൂടങ്ങൾ കണ്ടതായി ഗൗഡ അവകാശപ്പെടുന്നു. ''അവർ (എസ്‌ഐടി) എന്നെ രണ്ടുതവണ സ്‌പോട്ട് മഹസറിനായി (പരിശോധന) ബംഗ്ലെഗുഡ്ഡെയിലേക്ക് കൊണ്ടുപോയി. ആദ്യ സന്ദർശനത്തിൽ മൂന്ന് മനുഷ്യ അസ്ഥികൂടങ്ങളും രണ്ടാമത്തെ സന്ദർശനത്തിൽ മണ്ണിനടിയിൽ ഒരു കൂട്ടം മൃതദേഹങ്ങളും ഞാൻ കണ്ടു. മൊത്തത്തിൽ, കുട്ടികളുടെ അസ്ഥികൂടങ്ങൾ ഉൾപ്പെടെ അഞ്ച് അസ്ഥികൂടങ്ങൾ ഞാൻ കണ്ടു. പരാതിക്കാരൻ (ചിന്നയ്യ ) പറഞ്ഞത് 100 ശതമാനം സത്യമാണ്. ആവശ്യമെങ്കിൽ പുലർച്ചെ ഒരു മണിക്ക് പോലും ഞങ്ങൾ എപ്പോൾ വേണമെങ്കിലും അന്വേഷണത്തിൽ പങ്കുചേരാൻ തയ്യാറാണ്''- വീഡിയോയിൽ പറഞ്ഞു.
എന്നാൽ എസ്‌ഐടി വൃത്തങ്ങൾ ഗൗഡയുടെ അവകാശവാദങ്ങൾ തള്ളി. ധർമസ്ഥലയിലെ ദുരൂഹമരണങ്ങൾ സംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയ സാക്ഷി ഹാജരാക്കിയ തലയോട്ടി താൻ കൈമാറിയതാണെന്ന് ഗൗഡ എസ്‌ഐടിയെ അറിയിച്ചിരുന്നു. ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട നൂറിലേറെ പെൺകുട്ടികളുടേയും യുവതികളുടേയും മൃതദേഹങ്ങൾ നിർബന്ധത്തിന് വഴങ്ങി താൻ കുഴിച്ചുമൂടി എന്ന് വെളിപ്പെടുത്തൽ നടത്തിയ ശേഷം നിലപാട് മാറ്റിയ ചിന്നയ്യ തലയോട്ടി ഹാജരാക്കിയിരുന്നു. ഇത് വൈദ്യശാസ്ത്ര പഠന-ഗവേഷണ കേന്ദ്രത്തിൽ നിന്ന് സംഘടിപ്പിച്ച 40 വർഷം പഴക്കമുള്ളതാണെന്നായിരുന്നു എസ്‌ഐടി നിലപാട്. ഇത് തള്ളിയാണ് ചിന്നയ്യക്ക് തലയോട്ടി കൈമാറിയത് താനാണെന്ന് അവകാശപ്പെട്ട് ഗൗഡ രംഗത്ത് വന്നത്.