നീണ്ട കാലതാമസം, 30,000 പേരുടെ ജനത്തിരക്ക്: വിജയ്‌യുടെ റാലിയിൽ സംഭവിച്ചത്

തമിഴ്‌നാട്ടിൽ നടൻ വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകത്തിന്റെ റാലിയിൽ തിക്കിലും തിരക്കിലുംപെട്ട് 40 പേർ മരണപെട്ടു

Update: 2025-09-27 17:35 GMT

വിജയ്, Photo: The Hindu 


ചെന്നൈ: തമിഴ്‌നാട്ടിൽ നടൻ വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകത്തിന്റെ റാലിയിൽ തിക്കിലും തിരക്കിലുംപെട്ട് 40 പേർ മരണപെട്ടു. മരിച്ചവരിൽ 10 സ്ത്രീകളും മൂന്ന് കുട്ടികളുമുണ്ട്. കരൂറിൽ നടന്ന റാലിക്കിടെയാണ് അപകടം. പരിക്കേറ്റവരിൽ നിരവധിപേരുടെ നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് വിവരം.

തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റായ വിജയ് ശനിയാഴ്ച ഉച്ചയോടെ കരൂരിൽ എത്തേണ്ടതായിരുന്നു. എന്നാൽ കുറഞ്ഞത് ആറ് മണിക്കൂർ വൈകി മാത്രമാണ് അദേഹം പരിപാടി നടക്കുന്ന സ്ഥലത്തേക്ക് എത്തിച്ചേർന്നത്. വിജയ് എത്തിയപ്പോഴേക്കും ജനക്കൂട്ടം നിയന്ത്രിക്കാൻ സാധിക്കാത്തത്രയും വളരെ വലുതായിക്കഴിഞ്ഞിരുന്നു. തിരക്കും ചൂടും കാരണം നിരവധി പേർ ബോധരഹിതരായി വീഴാൻ തുടങ്ങി.

Advertising
Advertising

ആളുകൾ ബോധരഹിതരായി വീഴുന്നത് ശ്രദ്ധയിൽപ്പെട്ട വിജയ് പ്രസംഗം നിർത്തി പ്രചാരണ ബസിൽ നിന്ന് വെള്ളക്കുപ്പികൾ ജനങ്ങളിലേക്ക് എറിയാൻ തുടങ്ങി. തുടർന്ന് വിജയുടെ ബസിന് സമീപം എത്താൻ ശ്രമിക്കുന്നതിനിടെയാണ് ഒരു കൂട്ടം അനുയായികളും ആരാധകരും തിക്കിലും തിരക്കിലും പെട്ടത്. 10,000 മാത്രമേ പരിപാടിയിൽ പ്രതീക്ഷിച്ചിരുന്നതെന്ന് ടിവികെ ഘടകങ്ങൾ അറിയിച്ചതായി ദി ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു.

ചെന്നൈയിൽ നിന്ന് രാവിലെ തിരുച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചാർട്ടേഡ് വിമാനത്തിൽ എത്തിയ വിജയ് പ്രചാരണത്തിനായി നാമക്കലിലേക്ക് പോയി. ഉച്ചയ്ക്ക് 12 മണിയോടെയാണ് വിജയ് നാമക്കലിലെ കേഡർമാരെ അഭിസംബോധന ചെയ്യാൻ തീരുമാനിച്ചിരുന്നതെങ്കിലും ഉച്ചയ്ക്ക് 2.30 ഓടെയാണ് അദ്ദേഹം വേദിയിലെത്തിയത്. നാമക്കലിൽ പ്രചാരണം പൂർത്തിയാക്കിയ ശേഷം വിജയ് കരൂരിലേക്കുള്ള യാത്ര ആരംഭിച്ചു. നാമക്കലിൽ നിന്ന് കരൂരിലേക്കുള്ള വഴിയിൽ നൂറുകണക്കിന് കേഡർമാരും പൊതുജനങ്ങളും നിരന്നതിനാൽ യാത്ര  മണിക്കൂറുകൾ വൈകിയാണ് കാരൂരിലെത്തിയത്. 

സ്ഥിതിഗതികളുടെ ഗൗരവം കണക്കിലെടുത്ത് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഞായറാഴ്ച കരൂർ സന്ദർശിക്കും. അതേസമയം, സ്‌കൂൾ വിദ്യാഭ്യാസ മന്ത്രി അൻബിൽ മഹേഷ് പൊയ്യമൊഴി സ്ഥിതിഗതികൾ വിലയിരുത്തും. സേലത്ത് ഒരു സമ്മേളനത്തിനായി എത്തിയ ആരോഗ്യമന്ത്രി എം.എ. സുബ്രഹ്മണ്യൻ സംഭവസ്ഥലത്തേക്ക് തിരിച്ചു. ആരോഗ്യ സെക്രട്ടറി, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, മറ്റ് മുതിർന്ന ആരോഗ്യ ഉദ്യോഗസ്ഥർ എന്നിവരും ചെന്നൈയിൽ നിന്ന് കരൂരിലേക്ക് പുറപ്പെട്ടു. സംസ്ഥാന ആരോഗ്യ വകുപ്പ് തിരുച്ചി, ദിണ്ടുഗൽ, നാമക്കൽ, മധുര മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ നിന്നുള്ള ഡോക്ടർമാരെ കരൂർ മെഡിക്കൽ കോളജിലേക്ക് വിന്യസിച്ചു. അപകടത്തിൽ പെട്ടവരെ കാരൂർ മെഡിക്കൽ കോളജിലേക്കാണ് കൊണ്ടുപോയത്.  

തിക്കിലും തിരക്കിലും മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന ഓരോരുത്തർക്കും ഒരു ലക്ഷം രൂപയും തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിൻ ധനസഹായം പ്രഖ്യാപിച്ചു. തിക്കിലും തിരക്കിലും പെട്ടതിന്റെ കാരണങ്ങൾ അന്വേഷിക്കാൻ വിരമിച്ച ജഡ്ജി അരുണ ജഗദീശൻ അധ്യക്ഷയായ ഒരു കമ്മീഷനെ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി സ്റ്റാലിൻ പറഞ്ഞു. 

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

Editor - ആത്തിക്ക് ഹനീഫ്

Web Journalist at MediaOne

Web Journalist at MediaOne

By - Web Desk

contributor

Similar News