കരൂർ ദുരന്തം അന്വേഷിക്കുന്ന ജുഡീഷ്യൽ കമ്മീഷൻ; ആരാണ് ജസ്റ്റിസ് അരുണ ജഗദീശൻ?

റാലിക്കിടെയുണ്ടായ ദുരന്തത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് വിജയ്‌യുടെ തമിഴക വെട്രികഴകം (ടിവികെ) മദ്രാസ് ഹൈക്കോടതിയിൽ ഹരജി നൽകി

Update: 2025-09-28 10:46 GMT

 Aruna Jagadeesan | Photo | DNA

ചെന്നൈ: കരൂറിൽ വിജയ്‌യുടെ റാലിക്കിടെയുണ്ടായ ദുരന്തം അന്വേഷിക്കാൻ സർക്കാർ ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ചു. മദ്രാസ് ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് അരുണ ജഗദീശന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. തമിഴ്‌നാട്ടിൽ നിരവധി പ്രധാനപ്പെട്ട അന്വേഷണ കമ്മീഷനുകൾക്ക് നേതൃത്വം നൽകിയ വ്യക്തിയാണ് ജസ്റ്റിസ് അരുണ.

2009 മുതൽ 2015 വരെയാണ് ജസ്റ്റിസ് അരുണ ജഗദീശൻ മദ്രാസ് ഹൈക്കോടതിയിൽ ജഡ്ജിയായിരുന്നത്. 2018ൽ തൂത്തുകുടിയിലെ സ്‌റ്റെർലൈറ്റ് കോപ്പർ ഫാക്ടറിക്കെതിരെ നടന്ന പ്രക്ഷോഭവുമായി ബന്ധപ്പെട്ടുണ്ടായ അക്രമസംഭവങ്ങൾ അന്വേഷിച്ചത് ജസ്റ്റിസ് അരുണയുടെ നേതൃത്വത്തിലുള്ള കമ്മീഷനായിരുന്നു. അന്ന് പ്രതിഷേധക്കാർക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പിൽ 13 പേർ കൊല്ലപ്പെട്ടിരുന്നു. ഐപിഎസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 17 പൊലീസുകാർക്കെതിരെ നടപടിയെടുക്കണമെന്ന് ജസ്റ്റിസ് അരുണയുടെ കമ്മീഷൻ റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നു.

Advertising
Advertising

കരൂർ ദുരന്തത്തിൽ ജസ്റ്റിസ് അരുണ ജഗദീശൻ ഇതിനകം തന്നെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കമ്മീഷൻ ഇന്ന് കരൂർ സന്ദർശിക്കും. വൈകിട്ടോടെയാണ് ഇവർ കരൂരിലെത്തുക എന്നാണ് റിപ്പോർട്ട്.

കരൂർ ദുരന്തത്തിൽ അന്വേഷണ പുരോഗതി വിലയിരുത്തുന്നതിനായി പൊലീസ് ഉന്നതതല യോഗം ചേരുന്നുണ്ട്. എഡിജിപി എസ്.ഡേവിഡ്‌സന്റെ നേതൃത്വത്തിലാണ് യോഗം. ആറ് എസ്പിമാരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. കരൂർ ടൗൺ പൊലീസ് സ്റ്റേഷനിലാണ് യോഗം.

അതിനിടെ റാലിക്കിടെയുണ്ടായ ദുരന്തത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് വിജയ്‌യുടെ തമിഴക വെട്രികഴകം (ടിവികെ) മദ്രാസ് ഹൈക്കോടതിയിൽ ഹരജി നൽകി. അപകടത്തിൽ ദുരൂഹതയുണ്ടെന്നും സ്വതന്ത്ര ഏജൻസി അന്വേഷിക്കണം എന്നുമാണ് ഹരജിയിൽ ആവശ്യപ്പെടുന്നത്. ഇന്നലെ നടന്ന റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ട് 40 പേരാണ് മരിച്ചത്. 

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News