“പറ്റില്ലെങ്കില്‍ ഞങ്ങള്‍ക്ക് വിട്ടുതരൂ, 24 മണിക്കൂറിനകം പ്രശ്നം പരിഹരിക്കും”: അയോധ്യ വിഷയത്തില്‍ സുപ്രീംകോടതിയെ വെല്ലുവിളിച്ച് യോഗി
രാമജന്മഭൂമി വിശ്വാസത്തിന്റെ പ്രശ്നമാണെന്നും വേഗം തീര്‍പ്പാക്കിയില്ലെങ്കില്‍ നീതിപീഠത്തിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടമാകുമെന്നും യോഗി ആദിത്യനാഥ്
അയോധ്യ വിഷയത്തില്‍ വീണ്ടും വിവാദ പ്രസ്താവനയുമായി യോഗി ആദിത്യനാഥ്. അയോധ്യ കേസ് വെറുതെ വെച്ച് താമസിപ്പിക്കരുതെന്ന് സുപ്രീംകോടതിയോട് ആവശ്യപ്പെട്ട ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി, രാമജന്മഭൂമി വിശ്വാസത്തിന്റെ പ്രശ്നമാണെന്നും വേഗം തീര്‍പ്പാക്കിയില്ലെങ്കില്‍ നീതിപീഠത്തിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടമാകുമെന്നും പറഞ്ഞു.
"സുപ്രീംകോടതിക്ക് കഴിയില്ലെങ്കില്‍ ഞങ്ങള്‍ക്ക് വിട്ടു തരിക. 24 മണിക്കൂറിനകം പ്രശ്നം പരിഹരിക്കുന്നത് കാണിച്ചു തരാം" എന്നും യോഗി ആദിത്യനാഥ് പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ എന്തുകൊണ്ട് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നില്ല എന്ന ചോദ്യത്തിന് വിഷയം കോടതിയുടെ പരിഗണനയിലായതിനാല്‍ പാര്‍ലമെന്‍റില്‍ ചര്‍ച്ച ചെയ്യാനാവില്ലെന്നായിരുന്നു മറുപടി. അയോധ്യ പ്രശ്നം പരിഹരിക്കപ്പെട്ടാല്‍, മുത്തലാഖ് നിരോധനം നടപ്പായാല്‍ പ്രീണനത്തിന്‍റെ രാഷ്ട്രീയം അവസാനിക്കുമെന്നും യോഗി പറഞ്ഞു.
2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേടിയതിനേക്കാള്‍ സീറ്റുകള്‍ ബി.ജെ.പി ഇത്തവണ നേടുമെന്നും യോഗി അവകാശപ്പെട്ടു. യു.പിയിലെ 70 ശതമാനം വോട്ടര്‍മാരും ബി.ജെ.പിക്കൊപ്പമാണ്. കോണ്‍ഗ്രസിന് കുടുംബമാണ് പാര്‍ട്ടിയെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞെന്ന് പ്രിയങ്കയുടെ ഭാരവാഹിത്വത്തെ കുറിച്ച് യോഗി പറഞ്ഞു.