ബാബരി: മധ്യസ്ഥ സംഘത്തിൽ ആരൊക്കെ വേണമെന്ന് നിർദ്ദേശിക്കാൻ കക്ഷികൾക്ക് വൈകുന്നേരം വരെ സമയം
മധ്യസ്ഥ ശ്രമത്തെ ഹിന്ദു സംഘടനകള്‍ എതിര്‍ത്തു. എന്നാല്‍ അയോധ്യ പ്രശ്നം വൈകാരികവും മാനസികവും ആയ പ്രശ്നമാണെന്നും കേവലം ഭൂമി തര്‍ക്കമല്ല എന്നും കോടതി നിരീക്ഷിച്ചു. തര്‍ക്കപരിഹാരം...
ബാബരി ഭൂമി തർക്കം മധ്യസ്ഥതയിലൂടെ പരിഹരിക്കുന്നത് സംബന്ധിച്ച് ഉത്തരവിടാൻ ഒരുങ്ങി സുപ്രീംകോടതി. മധ്യസ്ഥ സംഘത്തിൽ ആരൊക്കെ വേണമെന്ന് നിർദ്ദേശിക്കാൻ കക്ഷികൾക്ക് ഇന്ന് വൈകുന്നേരം വരെ സമയം അനുവദിച്ചു. കോടതിയുടെ മേൽ നോട്ടത്തിലുള്ള മധ്യസ്ഥതയെ മുസ്‍ലിം കക്ഷികൾ അനുകൂലിച്ചപ്പോൾ ഹിന്ദു കക്ഷികളും ഉത്തർപ്രദേശ് സർക്കാരും എതിർത്തു.
രാമന്റെ ജന്മ സ്ഥലത്തിൽ വിട്ടു വീഴ്ച സാധ്യമല്ല. മുസ്‍ലിംകൾക്ക് തർക്കഭൂമിക്ക് പുറത്ത് പള്ളി പണിയാം. ഇതിന് പൊതു ജനങ്ങളിൽ നിന്ന് പണം സമാഹരിച്ചു നൽകാം എന്ന് ഹിന്ദു പക്ഷ കക്ഷി രാംലല്ല വാദിച്ചു. ഉത്തരവിന് മുമ്പ് മധ്യസ്ഥതയെപ്പറ്റി പൊതുജനങ്ങൾക്ക് അറിയിപ്പ് നൽകി നോട്ടീസ് ഇറക്കണമെന്നായിരുന്നു ഹിന്ദു മഹാസഭയുടെ ആവശ്യം. എന്നാൽ മദ്ധ്യസ്ഥതയെ അനുകൂലിച്ച മുസ്‍ലിം കക്ഷികൾ എല്ലാ കക്ഷികളുടെയും സമ്മതം ആവശ്യമില്ലെന്ന നിലപാടെടുത്തു. പൊതുജനങ്ങൾക്ക് നോട്ടീസ് നൽകാൻ വിസമ്മതിച്ച കോടതി മധ്യസ്ഥ ശ്രമം സംബന്ധിച്ചു ഉത്തരവ് ഇറക്കുമെന്ന് വ്യക്തമാക്കി. ബാബർ ചെയ്ത കാര്യങ്ങളിൽ കോടതിക്ക് നിയന്ത്രണം ഇല്ല. ചരിത്രത്തെ ആർക്കും റദ്ധാക്കാൻ കഴിയില്ല. തർക്കം എങ്ങനെ പരിഹരിക്കാം എന്നത് മാത്രമാണ് കോടതി നോക്കുന്നതെന്ന് ജസ്റ്റിസ് എസ്.എ ബോബ്ഡെ പറഞ്ഞു.
കോടതിയുടെ മേൽനോട്ടത്തിൽ മധ്യസ്ഥ ശ്രമം നടത്തി, തീരുമാനം കോടതി അംഗീകരിച്ചാൽ അത് എല്ലാ കക്ഷികൾക്കും ബാധമായിരിക്കുമെന്നും കോടതി വ്യക്തമാക്കി. എന്നാൽ മധ്യസ്ഥ ചർച്ച നല്ലതാണെന്ന് സമ്മതിച്ചെങ്കിലും സാമുദായിക വശമുള്ള ബാബരി കേസിൽ അതിന്റെ ഫലപ്രാപ്തിയെപ്പറ്റി അഞ്ചംഗ ഭരണഘടന ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ചന്ദ്രചൂഡ് സംശയം പ്രകടിപ്പിച്ചു.