ഡേവിഡ് ജെയിംസ് കേരളാ ബ്ലാസ്‌റ്റേഴ്‌സ് പരിശീലകനായി തുടരും

Update: 2018-05-08 17:24 GMT
Editor : Subin
ഡേവിഡ് ജെയിംസ് കേരളാ ബ്ലാസ്‌റ്റേഴ്‌സ് പരിശീലകനായി തുടരും

ബര്‍ബറ്റോവ് പരിശീലകനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്ന അതേ ദിവസം തന്നെയാണ് പരിശീലകന്റെ കരാര്‍ കാലാവധി നീട്ടികൊണ്ടുള്ള മാനേജ്‌മെന്റിന്റെ തീരുമാനം...

കേരളാ ബ്ലാസ്‌റ്റേഴ്‌സ് പരിശീലകനായി ഡേവിഡ് ജെയിംസിനെ നിലനിര്‍ത്താന്‍ മാനേജ്‌മെന്റിന്റെ തീരുമാനം. 2021 വരെയാണ് കാലാവധി നീട്ടിയത്. ബ്ലാസ്‌റ്റേഴ്‌സ് സൂപ്പര്‍ താരം ദിമിദര്‍ ബര്‍ബറ്റോവ് പരിശീലകനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്ന അതേ ദിവസം തന്നെയാണ് പരിശീലകന്റെ കരാര്‍ കാലാവധി നീട്ടികൊണ്ടുള്ള മാനേജ്‌മെന്റിന്റെ തീരുമാനം.

ഈ സീസണിന്റെ തുടക്കത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് പരിശീലകനായെത്തിയ റെനി മ്യുള്‍സ്‌റ്റെയ്ന്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് അപ്രതീക്ഷിതമായി ഡേവിഡ് ജെയിംസ് രണ്ടാം വട്ടവും ടീമിന്റെ പരിശീലകനായത്. എന്നാല്‍ റെനി മ്യുള്‍സ്‌റ്റെയ്‌നെ ഗോഡ്ഫാദറായി കണ്ട ബ്ലാസ്‌റ്റേഴ്‌സിന്റെ സൂപ്പര്‍ താരം, ബെര്‍ബറ്റോവിന് ഡേവിഡ് ജെയിംസുമായി മാനസികമായി പൊരുത്തപ്പെടാനായില്ല. ഈ അതൃപ്തി ബെര്‍ബറ്റോവ് പരസ്യമാക്കി രംഗത്തുവരികയും ചെയ്തിരുന്നു. താന്‍ കണ്ടതില്‍ ഏറ്റവും മോശം പരിശീലകനാണ് ജെയിംസെന്നായിരുന്നു പേര് പരാമര്‍ശിക്കാതെ ബെര്‍ബറ്റോവ് ഇന്‍സ്റ്റഗ്രാമില്‍ നടത്തിയ വിമര്‍ശം.

എന്നാല്‍ തുടര്‍ച്ചയായ സമനിലകളില്‍ കുരുങ്ങിയ ടീമിനെ ചുരുങ്ങിയ സമയത്തിനിടെ വിജയവഴിയിലെത്തിച്ച ജെയിംസിന് മറ്റ് ടീമംഗങ്ങളുടേയും മാനേജ്‌മെന്റിന്റെയും പിന്തുണയുണ്ട്. ഇതാണ് പരിശീലകനെ നിലനിര്‍ത്താന്‍ മാനേജ്‌മെന്റിനെ പ്രേരിപ്പിച്ചത്. ഐ.എസ്.എല്‍ പാതിവഴിയിയില്‍ ഉപേക്ഷിക്കേണ്ടി വന്ന കിരീടമോഹങ്ങള്‍ ഡേവിഡ് ജെയിംസിന്‍റെ പരിശീലനത്തില്‍ സൂപ്പര്‍കപ്പിലൂടെ വീണ്ടെടുക്കാമെന്ന ശുഭ പ്രതീക്ഷയിലാണ് മഞ്ഞപ്പടയുടെ ആരാധകരും, ടീം മാനേജ്‌മെന്‍റും.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News