ഒരു മാറ്റവുമില്ലാതെ പുജാരയും രഹാനെയും; പകരം അവർ വരുമോ?

നോട്ടിങ്ഹാം ടെസ്റ്റിൽ നാല്, 12* എന്നിങ്ങനെയാണ് പുജാരയുടെ സമ്പാദ്യം. രഹാനെ ആദ്യ ഇന്നിങ്‌സിൽ നേടിയത് അഞ്ച് റൺസും. ഇന്നലെ ലോര്‍ഡ്സില്‍ ആരംഭിച്ച രണ്ടാം ടെസ്റ്റില്‍ ഒൻപത്, ഒന്ന് എന്നിങ്ങനെയാണ് യഥാക്രമം പുജാരയും രഹാനെയും നേടിയത്

Update: 2021-08-13 12:25 GMT
Editor : Shaheer | By : Web Desk
Advertising

രാഹുൽ ദ്രാവിഡിനും വിവിഎസ് ലക്ഷ്മണിനും ശേഷം ഇന്ത്യൻ ക്രിക്കറ്റിനു ലഭിച്ച വിശ്വസ്തരായ ടെസ്റ്റ് സ്‌പെഷലിസ്റ്റുകളാണ് ചേതേശ്വർ പുജാരയും അജിങ്ക്യ രഹാനെയും. എന്നാൽ, കഴിഞ്ഞ രണ്ടു വർഷത്തോളമായി രണ്ടുപേരും അത്ര നല്ല ഫോമിലല്ല. കഴിഞ്ഞ വർഷം ഓസ്‌ട്രേലിയയിലെ ഏതാനും പ്രകടനങ്ങൾ ഒഴിച്ചുനിർത്തിയാൽ ഇപ്പോൾ ടീം പ്രതീക്ഷിക്കുന്നതൊന്നും നൽകാൻ ഇരു താരങ്ങൾക്കുമാകുന്നില്ല. ഏറ്റവുമൊടുവിൽ ലോർഡ്‌സിൽ പുരോഗമിക്കുന്ന ഇംഗ്ലണ്ടുമായുള്ള രണ്ടാം ടെസ്റ്റിലും അമ്പേ പരാജയമായിരിക്കുകയാണ് രണ്ടുപേരും.

നോട്ടിങ്ഹാമിൽ നടന്ന ആദ്യ ടെസ്റ്റിൽ നാല്, 12* എന്നിങ്ങനെയാണ് പുജാരയുടെ സമ്പാദ്യം. രഹാനെ ആദ്യ ഇന്നിങ്‌സിൽ നേടിയത് അഞ്ച് റൺസും. മഴ കാരണം രണ്ടാം ഇന്നിങ്‌സിൽ ബാറ്റിങ്ങിന് അവസരം ലഭിച്ചില്ല. ഇന്നലെ ആരംഭിച്ച ലോർഡ്‌സ് ടെസ്റ്റിലാണെങ്കിൽ ഒൻപത്, ഒന്ന് എന്നിങ്ങനെയാണ് യഥാക്രമം പുജാരയും രഹാനെയും നേടിയത്. രണ്ടുപേരും ആൻഡേഴ്‌സനു മുൻപിലാണ് കീഴടങ്ങിയത്. എന്നാൽ, അതിലേറെ നിരാശപ്പെടുത്തുന്നത് ഏറ്റവും മോശം ഷോട്ടുകളിലാണ് ഇരുവരും പുറത്തായതെന്ന കാര്യമാണ്.

2020 മുതൽ 23 ഇന്നിങ്‌സുകളിൽനിന്നായി 552 റൺസാണ് പുജാരയുടെ സമ്പാദ്യം. ഇതിൽ ഒറ്റ സെഞ്ച്വറി പോലുമില്ല. അഞ്ച് അർധ സെഞ്ച്വറികൾ മാത്രം. രഹാനെ 22 ഇന്നിങ്‌സുകള്‍ കളിച്ചപ്പോൾ നേടിയത് 541 റൺസ്. അതിൽ ഓരോ വീതം സെഞ്ച്വറിയും അർധ സെഞ്ച്വറിയും മാത്രം. പ്രതിഭാസമ്പന്നരായ നിരവധി താരങ്ങൾ പുറത്ത് അവസരത്തിനായി കാത്തിരിക്കുമ്പോഴാണ് സീനിയർ താരങ്ങൾ ഈ ദയനീയ പ്രകടനങ്ങൾ തുടരുന്നത്.

ഇതിനിടെ, രണ്ടുപേരെയും പുറത്തുനിർത്തി പുതിയ താരങ്ങൾക്ക് അവസരം നൽകണമെന്ന മുറവിളി ആരാധകരിൽനിന്നും കളി വിദഗ്ധരിൽനിന്നും ശക്തമാകുകയാണ്. പുജാര കളിക്കുന്ന മൂന്നാം സ്ഥാനത്തും രഹാനെയുടെ അഞ്ചാം നമ്പറിലും പകരക്കാരാകാൻ പറ്റിയ മൂന്നു പേരെ പരിശോധിക്കാം.


കെഎൽ രാഹുൽ

ദീർഘനാളത്തെ ശേഷം ടെസ്റ്റ് അന്തിമ ഇലവനിൽ സ്ഥാനം ലഭിച്ച കെഎൽ രാഹുൽ ടീമിൽ സ്ഥാനമുറപ്പിക്കുന്ന പ്രകടനമാണ് നോട്ടിങ്ഹാമിലും ഇന്നലെ ലോർഡ്‌സിലും കാഴ്ചവച്ചത്. രണ്ടു വർഷത്തിനിടെ താരത്തിന്റെ ആദ്യ അന്താരാഷ്ട്ര ടെസ്റ്റ് ഇന്നിങ്‌സായിരുന്നു ഇത് എന്നോർക്കണം. പരിക്കേറ്റ ശുഭ്മൻ ഗില്ലിനും മായങ്ക് അഗർവാളിനും പകരക്കാരനായാണ് രാഹുലിന് വിളി വരുന്നത്.

ആദ്യ മത്സരത്തിൽ രോഹിത് ശർമയ്‌ക്കൊപ്പം ഓപണിങ്ങിനിറങ്ങിയ രാഹുൽ 84 റൺസുമായി ഇന്ത്യൻ നിരയിലെ ടോപ്സ്കോററായി; ഇന്ത്യന്‍ ഇന്നിങ്സിലെ നിർണായക പ്രകടനം അതായിരുന്നു. ലോർഡ്‌സിൽ അസാമാന്യ സെഞ്ച്വറിയു(129)മായി എല്ലാവരുടെയും ഹൃദയം കവർന്നിരിക്കുകയാണ് താരം.

മായങ്കും ഗില്ലും തിരിച്ചുവന്നാൽ മധ്യനിരയിലേക്ക് രാഹുലിന് മാറാനാകും. ടീം ആവശ്യപ്പെടുന്ന ഏതു സ്ഥാനത്തും കളിക്കാൻ തയാറാണെന്ന് രാഹുൽ തന്നെ അറിയിച്ചിട്ടുണ്ട്. അങ്ങനെ വന്നാൽ, മൂന്നാമനായി പുജാരയ്ക്കു പകരക്കാരനായി ഇന്ത്യന്‍ മാനേജ്മെന്‍റിന് മറ്റൊരാളെ തിരയേണ്ടി വരില്ല.


സൂര്യകുമാർ യാദവ്

ക്രിക്കറ്റിന്റെ ഏതു ഫോർമാറ്റിലേക്കും പറ്റിയ താരമാണ് സൂര്യകുമാർ യാദവെന്ന് താരത്തിന്റെ കളി നിരീക്ഷിച്ചവർക്കെല്ലാം വ്യക്തമാണ്. മത്സരത്തിന്റെ സ്വഭാവത്തിനൊത്തുയർന്ന് കളിക്കാനുള്ള അസാമാന്യശേഷി തന്നെയാണ് സുര്യയുടെ ഏറ്റവും വലിയ ശക്തി.

അന്താരാഷ്ട്ര ക്രിക്കറ്റിൽ വളരെ വൈകി അരങ്ങേറ്റം കുറിച്ച താരമാണ് സൂര്യ കുമാർ യാദവ്. വൈകി വന്ന അവസരം എന്നു തന്നെ പറയാം. ഇപ്പോൾ 30 ആണ് താരത്തിന്റെ പ്രായം. ഓസ്‌ട്രേലിയൻ ഇതിഹാസം മൈക്ക് ഹസ്സി ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ച അതേ പ്രായം. അതുകൊണ്ടുതന്നെ രഹാനെയ്‌ക്കോ പുജാരയ്‌ക്കോ പകരക്കാരനായി സൂര്യയ്ക്ക് ഒരു അവസരം നൽകുന്നത് തെറ്റാകില്ല. എന്നു മാത്രമല്ല ആഭ്യന്തര ക്രിക്കറ്റിൽ ഏറെ പരിചയ സമ്പന്നനുമാണ് താരം. 77 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽനിന്നായി 44 ശരാശരിയിൽ 5,326 റൺസാണ് സൂര്യയുടെ സമ്പാദ്യം. ഇതിൽ ഒരു ഇരട്ട സെഞ്ച്വറിയും 14 സെഞ്ച്വറിയും 26 അർധ സെഞ്ച്വറിയും ഉൾപ്പെടും.


ശ്രേയസ് അയ്യർ

മധ്യനിരയിൽ ഇന്ത്യയ്ക്ക് ആശ്രയിക്കാവുന്ന മികച്ച താരമാണ് ശ്രേയസ് അയ്യർ. ഇതുവരെ ടെസ്റ്റിൽ അരങ്ങേറ്റം കുറിക്കാത്ത താരം ഏകദിന, ടി20 ഫോർമാറ്റുകളിൽ ഇന്ത്യ നാലാം സ്ഥാനത്ത് വിശ്വാസമുറപ്പിക്കുന്ന താരമാണ്. എന്നാൽ, ടി20യെക്കാളും ടെസ്റ്റിന് അനുയോജ്യമായ സാങ്കേതികത്തികവുള്ള ബാറ്റ്‌സ്മാനാണ് അയ്യർ.

26കാരനായ അയ്യരുടെ ഫസ്റ്റ് ക്ലാസ് റെക്കോർഡും മോശമല്ല. 54 മത്സരങ്ങളിൽനിന്നായി 4,592 റൺസാണ് താരം നേടിയിട്ടുള്ളത്. അതും 52.18 ശരാശരിയിൽ 12 സെഞ്ച്വറിയും 23 അർധ സെഞ്ച്വറിയും സഹിതം.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News