ടി20 ലോകകപ്പ് ടീമിൽ നിന്ന് പുറത്തായതിന് ശേഷം ആദ്യ പ്രതികരണവുമായി ശുഭ്മാൻ ഗിൽ
പഞ്ചാബ്: ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന 2026 ടി20 ലോകകപ്പ് ടീമിൽ ഇടം പിടിക്കാതിരുന്ന ശുഭ്മാൻ ഗിൽ ആ വിഷയത്തിൽ ആദ്യമായി പ്രതികരിച്ചു. നാളെ തുടങ്ങാനിരിക്കുന്ന ഇന്ത്യ - ന്യുസിലാൻഡ് ഏകദിന പരമ്പരക്ക് മുന്നോടിയായി നടന്ന പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഗിൽ. താൻ സെലെക്ടർമാരുടെ തീരുമാനത്തെ അംഗീകരിക്കുന്നുവെന്നും ടീമിന് തന്റെയെല്ലാ ആശംസകളും നേരുന്നുവെന്നുമാണ് ഇന്ത്യയുടെ ഏകദിന ക്യാപ്റ്റൻ പ്രതികരിച്ചത്. ഏഷ്യ കപ്പിൽ ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തുണ്ടായിരുന്ന ഗിൽ ടി20 ഫോർമാറ്റിൽ നേരിടുന്ന മോശം ഫോമിനെ തുടർന്നാണ് ലോകകപ്പ് ടീമിൽ നിന്ന് പുറത്തായത്. താരത്തിന്റെ അഭാവത്തിൽ അക്‌സർ പട്ടേലാണ് ടീമിന്റെ വൈസ് ക്യാപ്റ്റനായി നിയമിച്ചിരിക്കുന്നത്.
'ഞാൻ സെലെക്ടർമാരുടെ തീരുമാനത്തെ അംഗീകരിക്കുന്നു, ലോകകപ്പിൽ മത്സരിക്കാൻ പോകുന്ന ടീമിന് എന്റെ എല്ലാ ആശംസകളും' ഗിൽ പ്രതികരിച്ചതിങ്ങനെ. 'എന്റെ അർഹതക്കനുസരിച്ചുള്ള സ്ഥാനത്താണ് ഞാനിപ്പോളുള്ളത് എന്റെ വിധിയിൽ എന്താണ് എഴുതിയിട്ടുള്ളത് അതിനെ ആർക്കും തടുക്കാൻ കഴിയില്ല. ഒരു കളിക്കാരൻ എന്നും അവന്റെ രാജ്യത്തിനായി പരമാവധി ചെയ്യാൻ ശ്രമിക്കും പക്ഷെ സെലക്ടർമാർ അവരുടെ തീരുമാനമെടുത്തു.' ഗിൽ കൂട്ടിചേർത്തു.
നിലവിൽ ന്യുസിലന്ഡിനെ നേരിടാനിരിക്കുന്ന ഏകദിന ടീമിനൊപ്പമാണ് ഗിൽ. സൗത്ത് ആഫ്രിക്കക്കെതിരായ ഏകദിന മത്സരത്തിലും വിജയ് ഹസാരെ ട്രോഫിയിലും തകർത്താടിയ രോഹിത് ശർമയുടെയും വിരാട് കൊഹ്ലിയുടെയും ഫോമിലാണ് ഇന്ത്യയുടെ പ്രതീക്ഷ. ന്യുസിലാന്റിനെതിരെ മൂന്ന് ഏകദിന മത്സരങ്ങളാണ് ഇന്ത്യ കളിക്കാനിരിക്കുന്നത്. നാളെ ജനുവരി 11ന് വഡോദരയിലാണ് ആദ്യ മത്സരം. ജനുവരി 14ന് രാജ്‌കോട്ടിലും 18ന് ഇൻഡോറിലുമാണ് മറ്റ് മത്സരങ്ങൾ.