റോണോ എഫക്ട്; 1995ന് ശേഷം ആദ്യമായി അൽ നസ്ർ അറബ് ക്ലബ് ചാമ്പ്യൻസ് കപ്പ് സെമിയിൽ

മൊറോക്കൻ ക്ലബ് രാജ സിഎക്കെതിരെയുള്ള ക്വാർട്ടർ ഫൈനലിൽ ടീം ജയിച്ചത് ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക്

Update: 2023-08-07 07:30 GMT
Advertising

1995ന് ശേഷം ആദ്യമായി അൽ നസ്ർ അറബ് ക്ലബ് ചാമ്പ്യൻസ് കപ്പ് സെമിയിൽ. മൊറോക്കൻ ക്ലബ് രാജ സിഎക്കെതിരെയുള്ള ക്വാർട്ടർ ഫൈനലിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയടക്കം തിളങ്ങിയതോടെ ടീം ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് വിജയിച്ചു. തുടർച്ചയായി രണ്ടാം മത്സരത്തിലും റൊണാൾഡോ സ്‌കോർ ചെയ്യുകയായിരുന്നു. മത്സരത്തിന്റെ 19-ാം മിനിറ്റിലായിരുന്നു റോണോയുടെ ഗോൾ. ആഗസ്ത് മൂന്നിന് സമേലേക്കുമായുള്ള മത്സരത്തിലും താരം ഗോളടിച്ചിരുന്നു.

റൊണാൾഡോയ്ക്ക് പുറമേ സുൽത്താൻ അൽ ഗനാം, സെകോ ഫൊഫാന എന്നിവരും അൽ നസ്‌റിനായി ലക്ഷ്യം കണ്ടു. അബ്ദുല്ലാ മദുവിന്റെ ഓൺഗോളാണ് രാജാ സി.എക്ക് ലഭിച്ചത്. ആഗസ്ത് ഒമ്പതിന് അൽ ഷൊർത്വയുമായാണ് അൽ നസ്ർ സെമിഫൈനൽ കളിക്കുക.

റൊണാൾഡോ സൗദി ക്ലബ് അൽ നസ്റിലേക്ക് കൂടുമാറിയത് വലിയ വാർത്തയായിരുന്നു. മാഞ്ചസ്റ്റർ യൂണൈറ്റഡിൽ നിന്നാണ് റൊണാൾഡോ വൻ തുകയ്ക്ക് കൂടുമാറിയത്. സൗദി പ്രോ ലീഗിൽ അൽനസ്റിനായി കളിക്കുന്ന 38കാരനായ താരം 2023ൽ ടീമിനും ദേശീയ ടീമിനുമായി 27 മത്സരങ്ങളിൽ നിന്ന് 22 ഗോളുകളാണ് നേടിയത്. 

കഴിഞ്ഞ ജനുവരിയിലാണ് ക്രിസ്റ്റ്യാനോ സൗദി അറേബ്യൻ ക്ലബിലെത്തുന്നത്. 1,700 കോടി വാർഷിക പ്രതിഫലമുള്ള അൽനസ്റുമായുള്ള കരാറിൽ രണ്ടര വർഷമാണ് കാലാവധി നിശ്ചയിച്ചിരിക്കുന്നത്. കോച്ച് ടെൻ ഹാഗിനെക്കുറിച്ചുള്ള പരസ്യപ്രതികരണത്തിനു പിന്നാലെ മുൻ ക്ലബ് മാഞ്ചസ്റ്റർ യുനൈറ്റഡ് ക്രിസ്റ്റ്യാനോയുമായുള്ള കരാർ റദ്ദാക്കിയതിനു പിന്നാലെയായിരുന്നു സൗദി ക്ലബ് അദ്ദേഹത്തെ സ്വന്തമാക്കിയത്.

For the first time since 1995, Al Nassr in Arab Club Champions Cup semi-finals

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News