വാങ്ങുന്നത് യൂറോപ്യൻ താരങ്ങളേക്കാൾ എത്രയോ ഇരട്ടി; റൊണാൾഡോയുടെ അൽ നസ്റിലെ ശമ്പളക്കണക്ക് പുറത്ത്
ക്രിസ്റ്റ്യാനോ റൊണാൾഡോ. മെദിരയും മാഞ്ചസ്റ്ററും മാഡ്രിഡും ടുറിനും ഭരിച്ചവൻ. കരിയറിലെ പീക്ക് ടൈമും ചോരത്തിളപ്പും യൂറോപ്പിലെ വമ്പൻമാർക്കായി കൊടുത്ത റോണോ കരിയറിലെ സായാഹ്നം സൗദിയിലാണ് ചെലവിടുന്നത്. 40ന്റെ ചെറുപ്പവുമായി കളത്തിലിറങ്ങുന്ന റോണായുമായി അൽനസ്ർ രണ്ട് വർഷത്തേക്ക് കരാർ പുതുക്കിയെന്നാണ് പുതിയ വാർത്തകൾ. ക്രിസ്റ്റ്യാനോ ഒരു ഫുട്ബോളർ മാത്രമല്ല. കളത്തിന് പുറത്തും അദ്ദേഹത്തിന് ശക്തമായ സ്വാധീനമുണ്ട്. അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പേജുകളുടെ ഫോളോവേഴ്സ് അതിന് സാക്ഷിയാണ്.ലോകത്തെ ഏറ്റവും സ്വാധീനമുള്ള ഫുട്ബോളർക്ക് സൗദി ക്ലബായ അൽനസ്ർ എത്ര പണം നൽകുന്നുണ്ടാകും. പരിശോധിക്കാം.
റോണാ അൽ നസ്റുമായി രണ്ട് വർഷത്തെ കരാറാണല്ലോ ഒപ്പിട്ടത്. 2027വരെയാണ് പുതിയ കരാർ. അതായത് ഒരുവർഷം 211 മില്യൺ ഡോളർ അദ്ദേഹത്തിന് ലഭിക്കും. ഇന്ത്യൻ കറൻസിയിൽ 1800 കോടിയോളം വരുമത്. അദ്ദേഹത്തിന് നേരത്തെ അൽ നസ്ർ നൽകിയ കരാറിൽ നിന്നും അൽപ്പം കുറവാണിത്. നേരത്തെ 213 മില്യൺ ഡോളർ ആയിരുന്നെങ്കിൽ ഇപ്പോൾ അത് 211 മില്യണാണെന്ന ചെറിയ വ്യത്യാസം. അദ്ദേഹത്തിന്റെ കളിക്ക് വേണ്ടി മാത്രമല്ല, ഇമേജ് റൈറ്റ്സും കൊമേഴ്സ്യൽ ഡീലുകളും അടക്കമാണിത്.
അതായത് ക്രിസ്റ്റോനോക്ക് ഒരു മാസം 17.6 മില്യൺ ഡോളർ ലഭിക്കും. ദിവസം ലഭിക്കുന്നത് അഞ്ച് ലക്ഷത്തി 78000 ഡോളർ.ഒരു മണിക്കൂറിന് 24000 ഡോളറും ഒരു മിനുറ്റിൽ 401 ഡോളറും കിട്ടും. സെക്കൻഡ് വെച്ച് നോക്കിയാൽ ഒരു സെക്കൻഡിൽ 6.70 ഡോളർ. എന്നാൽ ഗൾഫ് ന്യൂസ് നൽകുന്ന കണക്കുകൾ ഇതിലും വലുതാണ്. രണ്ട് വർഷത്തെ കരാർ 676 മില്യണാണെന്നും ദിവസം 670000 ഡോളർ ലഭിക്കുമെന്നും അവരുടെ റിപ്പോർട്ട് പറയുന്നു.
ബ്രിട്ടീഷ് പത്രമായ സൺ നൽകുന്ന റിപ്പോർട്ട് അനുസരിച്ച് പുതിയകരാർ പ്രകാരം റോണോക്ക് അൽ നസ്റിൽ 15% ഓണർഷിപ്പ് അവകാശമുണ്ട്. കൂടാതെ ഡ്രൈവർ, ചെഫ്, സെക്യൂരിറ്റി, ഹൗപ്പ് കീപ്പേഴ്സ് അടക്കമുള്ള 16 സ്റ്റാഫുകളും ക്ലബ് നൽകും. കൂടാതെ 5.5മില്യണിന്റെ ഒരു പ്രൈവറ്റ് ജെറ്റ് ആക്സ്സും പ്രൊവൈഡ് ചെയ്യുന്നു.
കൂടാതെ മറ്റുചില ബോണസുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഓരോ ഗോളിനും 110000 ഡോളർ ബോണസ്. അസിസ്റ്റിന് 75000 ഡോളർ. അൽ നസ്ർ സൗദി പ്രൊ ലീഗ് കിരീടം നേടിയാൽ 11 മില്യൺ ഡോളർ ബോണസായി ലഭിക്കും. റൊണാൾഡോ ലീഗിലെ ഗോൾഡൻ ബൂട്ട് നേടിയാൽ 5.5 മില്യൺ ഡോളറിന്റെ ബോണസ് വേറെയും. അൽ നസ്ർ ഏഷ്യൽ ചാമ്പ്യൻസ് ലീഗ് വിജയിച്ചാൽ 8.93 ഡോളറിന്റെ ബോണസും ലഭിക്കും.
റൊണാൾഡോക്ക് നൽകുന്ന ശമ്പളത്തേക്കാൾ കുറവാണ് ലിവർപൂൾ താരങ്ങളുടെ മൊത്തം വേതനമെന്നാണ് പലകണക്കുകളും പറയുന്നത്. ലിവർപൂൾ പോയ വർഷം ഏകദേശം 128 മില്യൺ പൗണ്ട് മുതൽ 152മില്യൺ പൗണ്ട് വരെയാണ് വേതനമായി നൽകിയത്. റൊണാൾഡോക്ക് മാത്രം 178 മില്യൺ പൗണ്ട് ശമ്പളമുണ്ടെന്നാണ് കണക്ക്. ഇൻർ മിലാൻ, ന്യൂകാസിൽ, ടോട്ടനം, അത്ലിറ്റിക്കോ മാഡ്രിഡ് അടക്കമുള്ള ക്ലബുകളുടെ എല്ലാം സാലറി ഇതിലും കുറവാണ്.
കരിയറിലെ പീക്ക് ടൈമിൽ റൊണാൾഡോ സമ്പാദിച്ചിരുന്നതിനേക്കാൾ കൂടുതൽ ഇപ്പോൾ സമ്പാദിക്കുന്നുണ്ടെന്ന് ഈ ഗ്രാഫ് നോക്കിയാൽ മനസ്സിലാകും. 2013 മുതൽ 2018 വരെയുള്ള കാലയളവിൽ അഥവാ റയലിനായി കളിച്ച കാലത്ത് പ്രതിവർഷ വരുമാനം 40 മില്യൺ യൂറോയേക്കാൾ കുറവായിരുന്നു. യുവന്റസിൽ പോകുമ്പോൾ അത് അൽപ്പം കൂടി ഉയർന്നു. യുനൈറ്റഡിലെത്തിയപ്പോൾ വീണ്ടും കുറഞ്ഞെങ്കിലും സൗദിയിലെത്തിയപ്പോൾ ഗ്രാഫ് കുത്തനെ ഉയർന്ന് 200 മില്യൺ യൂറോയിൽ തൊട്ടു.
റൊണാൾഡോക്ക് നൽകുന്ന പണം ഒരു ഗിവ് ആൻഡ് ടേക്ക് പോളിസിയാണ്. റോണോയുടെ വരവ് അൽനസ്റിനെ മാത്രമല്ല സൗദി പ്രൊ ലീഗിനെത്തന്നെ ഗ്ലാമറസാക്കിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലെ സ്വാധീനം നോക്കിയാൽ തന്നെ നമുക്കത് മനസ്സിലാകും. റൊണാൾഡോ വരുന്നതിന് മുമ്പ് സോഷ്യൽ മീഡിയ ഫോളോവേഴ്സിൽ അൽനസ്ർ സൗദി പ്രൊ ലീഗിലെ മൂന്നാമതായിരുന്നു. ആഗോളതലത്തിൽ 74ാം സ്ഥാനത്ത്. ഫോളോവേഴ്സ് അഞ്ച് മില്യണിനടുത്ത്. എന്നാൽ 2025 മാർച്ചിലെത്തിയപ്പോൾ അത് 57 മില്യണായി ഉയർന്നു. നിലവിൽ യൂറോപ്പിന് പുറത്ത് ഏറ്റവുമധികം ഫോളോവേഴ്സുള്ള രണ്ടാമത്തെ ക്ലബാണ് അൽനസ്ർ. ഒന്നാമതുള്ളത് ബ്രസീലിയൻ ക്ലബായ െഫ്ലമങ്ങോ. ലോകത്തെ ടോപ്പ് ൨൦ ക്ലബുകളിൽ നിലവിൽ അൽ നസ്റുണ്ട്. ഇൻർമിലാൻ, ഡോർട്ട്മുണ്ട് അടക്കമുള്ള ക്ലബുകളോട് അവർ മുന്നിനിൽക്കുന്നു.കൂടാതെ റോണായുടെ വരവിന് ശേഷം അൽ നസ്ർ ഗ്യാലറിയിൽ 20 ശതമാനം അധികം ആളുകൾ കൂടി.റൊണാൾഡോയുമായി എതിരെ കളിക്കുന്ന ടീമുകൾക്ക് 15% ശതമാനം അധികം ആളെത്തിയതായും പഠനങ്ങൾ പറയുന്നു.
ഫോബ്സിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ലോകത്ത് ഏറ്റവും പ്രതിഫലം പറ്റുന്ന താരം റൊണാൾഡോ തന്നെയാണ്. ബാസ്കറ്റ് ബോൾ താരം സ്റ്റീഫൻ കറി രണ്ടാമതും ലയണൽ മെസ്സി അഞ്ചാമതും നിൽക്കുന്നു.