കോർപ്പറേറ്റ് ജോലികളിലെ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും നിരന്തരം ചർച്ചചെയ്യപ്പെടുമ്പോൾ അതിൽ നിന്ന് വിരുദ്ധമായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. പോളണ്ടിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരനായ ഒരു ജീവനക്കാരൻ, തന്റെ കോർപ്പറേറ്റ് ജോലികളിൽ ലഭിക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ച് വിവരിക്കുന്ന വീഡിയോ വൈറലായത്. തനിക്ക് ശമ്പളം എന്നത് ആകെ ലഭിക്കുന്ന ആനുകൂല്യങ്ങളുടെ ഒരു ഭാഗം മാത്രമാണെന്ന് അദ്ദേഹം പറയുന്നു.
അനിരുദ്ധ് ശർമ്മ എന്ന യുവാവാണ് ഇൻസ്റ്റാഗ്രാമിൽ ഈ വീഡിയോ പങ്കുവെച്ചത്. ഒരു ബാങ്കിംഗ് പ്രൊഫഷണൽ എന്ന നിലയിലുള്ള തന്റെ അനുഭവങ്ങളും അവിടെ താൻ കണ്ട തൊഴിൽ സംസ്കാരവും അദ്ദേഹം വീഡിയോയിൽ വിശദീകരിക്കുന്നു.
"എല്ലാവർക്കും നമസ്കാരം, എന്റെ പേര് അനിരുദ്ധ്. ഞാൻ പോളണ്ടിൽ ഒരു ബാങ്കിംഗ് പ്രൊഫഷണലായി ജോലി ചെയ്യുന്നു. ശമ്പളത്തിന് അപ്പുറം ഇവിടുത്തെ പ്രൊഫഷണൽ ജോലികൾക്കൊപ്പം ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങളെക്കുറിച്ചാണ് ഇന്ന് എനിക്ക് സംസാരിക്കാനുള്ളത്." യുവാവ് വീഡിയോ തുടങ്ങുന്നത് ഇങ്ങനെയാണ്.
ജോലി സമയത്തിന്റെ ക്രമീകരണമാണ് ഏറ്റവും ശ്രദ്ധേയമായ ഗുണങ്ങളിൽ ഒന്നായി അനിരുദ്ധ് വിശദീകരിച്ചത്. ജോലി സമയം സാധാരണയായി രാവിലെ എട്ട് മുതൽ വൈകുന്നേരം നാല് വരെയാണ്. അതുകൊണ്ട് തന്നെ ജോലി കഴിഞ്ഞ് വ്യക്തിപരമായ കാര്യങ്ങൾക്കായി ധാരാളം സമയം ലഭിക്കാൻ സഹായിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.
ജീവനക്കാർക്ക് പലപ്പോഴും ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം വീട്ടിലിരുന്ന് ജോലി ചെയ്യാൻ കഴിയും, ഇത് മികച്ച രീതിയിലുള്ള ഒരു 'വർക്ക്-ലൈഫ് ബാലൻസ്' നിലനിർത്താൻ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പൊതു അവധി ദിവസങ്ങളിൽ ജോലി ചെയ്താൽ ജീവനക്കാർക്ക് സാധാരണയായി ഇരട്ടി ശമ്പളം ലഭിക്കുമെന്നും, ഓവർടൈം ജോലി ചെയ്യുന്നതിന് അടിസ്ഥാന ശമ്പളത്തിന്റെ ഒന്നര മടങ്ങ് പ്രതിഫലം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. രോഗബാധിതരായി അവധിയെടുക്കുന്ന സമയത്ത് ശമ്പളത്തിന്റെ ഏകദേശം 80 ശതമാനം ലഭിക്കാറുണ്ടെന്നും, ചില കമ്പനികൾ അത്തരം കാലയളവിൽ പൂർണ ശമ്പളം തന്നെ നൽകാറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൂടാതെ, ജീവനക്കാരുടെ മാനസികവും ശാരീരികവുമായ ക്ഷേമം ലക്ഷ്യമിട്ട് തൊഴിലുടമകൾ പുറത്തുള്ള വിനോദ പരിപാടികൾ, ടീം ഔട്ടിംഗുകൾ, പ്രത്യേക വെൽനസ് പ്രോഗ്രാമുകൾ എന്നിവ സംഘടിപ്പിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജിം മെമ്പർഷിപ്പ്, നീന്തൽ, മറ്റ് ഫിറ്റ്‌നസ് സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുന്ന 'മൾട്ടിസ്പോർട് കാർഡുകൾ' ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചില തൊഴിലിടങ്ങളിൽ പ്രഭാതഭക്ഷണം ഉൾപ്പെടെയുള്ള ഭക്ഷണസൗകര്യങ്ങളും നൽകാറുണ്ട്.
അവധിയുടെ കാര്യമെടുത്താൽ, പ്രവൃത്തിപരിചയം അനുസരിച്ച് ജീവനക്കാർക്ക് സാധാരണയായി 20 മുതൽ 26 ദിവസം വരെ ശമ്പളത്തോടു കൂടിയ വാർഷിക അവധിക്ക് അർഹതയുണ്ട്. ചില സ്ഥാപനങ്ങളിൽ ജീവനക്കാർ നിർബന്ധമായും തുടർച്ചയായ രണ്ടാഴ്ചത്തെ അവധി എടുക്കണമെന്ന നിബന്ധനയുമുണ്ട്. വ്യക്തിപരമായ കാര്യങ്ങൾക്കോ സാമൂഹിക പ്രവർത്തനങ്ങൾക്കോ വേണ്ടി കമ്പനികൾ ചിലപ്പോൾ പ്രത്യേക ഓപ്ഷണൽ അവധി ദിവസങ്ങൾ നൽകാറുണ്ടെന്നും, ചില സന്ദർഭങ്ങളിൽ പൊതു അവധികൾക്ക് തൊട്ടുമുമ്പുള്ള ദിവസം ഉച്ചയ്ക്ക് ശേഷം അവധി നൽകാറുണ്ടെന്നും അനിരുദ്ധ് സൂചിപ്പിച്ചു.
മാതാപിതാക്കൾക്ക് ലഭിക്കുന്ന അവധി (Parental leave), തൊഴിലുടമയുടെയും സർക്കാരിന്റെയും സംയുക്ത സഹകരണത്തോടെ 52 ആഴ്ച വരെ നീണ്ടുനിൽക്കാം. കൂടാതെ, വേനൽക്കാല മാസങ്ങളിൽ തൊഴിലിടത്തിലെ അന്തരീക്ഷം കൂടുതൽ സമ്മർദ്ദമില്ലാത്തതുമായിരിക്കുമെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.
"ഏറ്റവും മികച്ച കാര്യങ്ങളിൽ ഒന്ന്, അവധി എടുക്കുന്നതിന് മുൻപ് മാനേജറോട് അനുവാദം ചോദിക്കുന്നതിന് പകരം വിവരം അറിയിക്കുക മാത്രം ചെയ്താൽ മതിയാകും എന്നതാണ്," അദ്ദേഹം വീഡിയോയിൽ പറയുന്നു. പോളണ്ടിലെ കോർപ്പറേറ്റ് കമ്പനികളിൽ ജോലി ചെയ്യുന്നതുകൊണ്ടുള്ള നേട്ടങ്ങൾ എന്ന അടിക്കുറിപ്പോടെയാണ് പങ്കുവെച്ച ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പെട്ടന്ന് വൈറലായി. ഇന്ത്യയിലെ തൊഴിൽ ജീവിതവുമായാണ് പലരും ഇതിനെ താരതമ്യപ്പെടുത്തുന്നത്.