ജറുസലേമിന് സമീപം കാട്ടുതീ പടരുന്നു; ആളുകളെ ഒഴിപ്പിച്ചു

ഉഷ്ണതരംഗവും കനത്ത കാറ്റും കാരണം തീ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞിട്ടില്ല.

Update: 2025-04-30 16:49 GMT

ജറുസലേം നഗരത്തിന് ചുറ്റും കാട്ടുതീ പടർന്നതിനെ തുടർന്ന് ഇസ്രായേലിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രദേശത്ത് താമസക്കാരെ ഒഴിപ്പിക്കുകയും റോഡുകൾ അടയ്ക്കുകയും ചെയ്തിട്ടുണ്ട്. ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് തലസ്ഥാന നഗരത്തിന്റെ പടിഞ്ഞാറുള്ള ഈ കുന്നുകളിൽ തീപിടിത്തം ഉണ്ടായതിനെ തുടർന്ന് താമസക്കാരെ ഒഴിപ്പിക്കുന്നത്. ജറുസലേം കുന്നുകളിൽ അഞ്ച് സ്ഥലങ്ങളിലെങ്കിലും തീ പടരുന്നതായാണ് അഗ്നിരക്ഷാ സേനയുടെ ഉദ്യോഗസ്ഥർ നൽകുന്ന വിവരം.

Advertising
Advertising

ഉഷ്ണതരംഗവും കനത്ത കാറ്റും കാരണം തീ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞിട്ടില്ല. നെവ് ഷാലോം, ബെക്കോവ, താവോസ്, നാഷ്‌ഷോൺ എന്നിവിടങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.

കാട്ടുതീ പടർന്നതിനെ തുടർന്ന് തെൽ അവീവിനും ജെറുസലേമിനും ഇടയിലുള്ള പ്രധാനപ്പെട്ട ഹൈവേ ആയ റൂട്ട് 1 അടച്ചു. സമീപത്തുള്ള 3, 65, 70, 85 റൂട്ടുകളും അടച്ചിട്ടുണ്ട്. ജറുസലേമിന് തെൽ അവീവിനും ഇടയിലുള്ള ട്രെയിൻ സർവീസും നിർത്തിവെച്ചിട്ടുണ്ട്.

കാട്ടുതീ നിയന്ത്രണവിധേയമാക്കാൻ യൂറോപ്യൻ രാജ്യങ്ങൾ ഇസ്രായേലിന് സഹായവുമായി രംഗത്തെത്തി. യുകെ, ഫ്രാൻസ്, ചെക്ക് റിപ്പബ്ലിക്, സ്വീഡൻ, അർജന്റീന, ഫ്രാൻസ്, സ്‌പെയിൻ, നോർത്ത് മാസിഡോണിയ, അസർബൈജാൻ തുടങ്ങിയ രാജ്യങ്ങൾ സഹായം വാഗ്ദാനം ചെയ്തതായി ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗിഡിയോൺ സാർ പറഞ്ഞു.

രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയാണ് പടരുന്നതെന്ന് അഗ്നിരക്ഷാ വിഭാഗം കമാൻഡർ പറഞ്ഞു. തീ നിയന്ത്രണവിധേയമാക്കാനുള്ള കഠിനശ്രമത്തിലാണ്. തീ പടർന്നു പിടിക്കുന്ന സാഹചര്യം തടയാനായിട്ടില്ല. കാട്ടുതീ ദിവസങ്ങളോളം തുടരാൻ സാധ്യതയുണ്ടെന്നും കമാൻഡർ ഷുംലിക് ഫ്രിഡ്മാൻ പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News