ന്യൂഡൽഹി: കരൂർ ദുരന്തത്തിൽ സിബിഐക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായി നടനും ടിവികെ മേധാവിയുമായ വിജയ്. ഡൽഹിയിലെ സിബിഐ ആസ്ഥാനത്ത് വിജയ്‌യുടെ മൊഴിയെടുക്കൽ ആരംഭിച്ചു. രാവിലെ ഏഴരയോടെ സ്വകാര്യ വിമാനത്തിൽ ചെന്നൈയിൽനിന്ന് പുറപ്പെട്ട വിജയ് 12 മണിയോടെയാണ് സിബിഐ ആസ്ഥാനത്തെത്തിയത്. നേരത്തെ ടിവികെയുടെ പ്രധാന നേതാക്കളെ സിബിഐ ചോദ്യം ചെയ്തിരുന്നു.
ജനക്കൂട്ട നിയന്ത്രണത്തിലെ പരാജയവും സുരക്ഷാ ക്രമീകരണ ലംഘനങ്ങളും സംബന്ധിച്ചായിരിക്കും സിബിഐ ഉത്തരം തേടുക. പരിപാടിക്ക് മുമ്പും ശേഷവും എടുത്ത തീരുമാനങ്ങളെക്കുറിച്ചും താരത്തോട് അന്വേഷണ ഏജൻസി ചോദിച്ചറിയും. ടിവികെ നേതാവ് ആധവ് അർജുനയും വിജയ്‌ക്കൊപ്പം ഡൽഹിയിൽ എത്തിയിട്ടുണ്ട്. ഈ മാസം ആറിനാണ് വിജയ്ക്ക് സിബിഐ സമൻസ് അയച്ചത്.
കരൂർ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ വിജയ്‌യുടെ പ്രചാരണ വാഹനം സിബിഐ കസ്റ്റഡിയിലെടുത്തിരുന്നു. ചെന്നൈ പനയൂരിലെ ടിവികെ ആസ്ഥാനത്തു നിന്നാണ് വാഹനം പിടിച്ചെടുത്തത്. ദുരന്തത്തിനു പിന്നിലെ സുരക്ഷാവീഴ്ചകളും മാനദണ്ഡങ്ങളുടെ ലംഘനവുമാണ് പ്രധാനമായും സിബിഐ പരിശോധിക്കുന്നത്. ടിവികെ ആവശ്യപ്രകാരമാണ് സുപ്രികോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.
2025 സെപ്തംബർ 27നായിരുന്നു രാജ്യത്തെയാകെ ഞെട്ടിച്ച കരൂർ ദുരന്തം. വിജയ് പങ്കെടുത്ത ടിവികെ റാലിയിൽ തിക്കുംതിരക്കുമുണ്ടായതിനെ തുടർന്നുണ്ടായ അപകടത്തിൽ 41 ജീവനുകളാണ് പൊലിഞ്ഞത്. 60 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ സിബിഐ അന്വേഷണം ഏറ്റെടുത്ത ശേഷം ടിവികെ ജനറൽ സെക്രട്ടറി ആധവ് അർജുനയടക്കമുള്ളവരെയാണ് ചോദ്യം ചെയ്തത്.
കഴിഞ്ഞ ഒക്ടോബർ 13നാണ്, ദുരന്തത്തിൽ സുപ്രിംകോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കിയായിരുന്നു സുപ്രിംകോടതി ഇടപെടൽ. വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെയും സുപ്രിംകോടതി രൂപീകരിച്ചിരുന്നു. ടിവികെ ആവശ്യപ്രകാരമായിരുന്നു ഇതും. ടിവികെയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ചുമതയുണ്ടായിരുന്ന ആധവ് അര്‍ജുനയായിരുന്നു സുപ്രിംകോടതിയെ സമീപിച്ചത്.
7,000- 10,000 പേർക്ക് മാത്രം പങ്കെടുക്കാവുന്ന സ്ഥലത്ത് 30,000ലേറെ പേർ ഒത്തുകൂടിയതാണ് അപകടത്തിന് കാരണമായതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടതും ഭക്ഷണവും വെള്ളവും ഉൾപ്പെടെ ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കാത്തതും അപകടകാരണമായി. മാത്രമല്ല, വൈകീട്ട് ഏഴിന് സമ്മേളന വേദിയിൽ എത്തേണ്ട വിജയ് അർധരാത്രി 12നാണ് എത്തിയത്.
അതുവരെ പതിനായിരങ്ങൾ രാവിലെ മുതൽ വിജയ്‌യെ കാത്ത് നിൽക്കുകയായിരുന്നു. ഭക്ഷണമോ വെള്ളമോ കിട്ടാതായതോടെ നിരവധി പേർ കുഴഞ്ഞുവീഴുകയും ചെയ്തു. വിജയ് എത്തിയതോടെ തിക്കുംതിരക്കും വർധിക്കുകയും ദുരന്തത്തിൽ കലാശിക്കുകയുമായിരുന്നു. ഒടുവിൽ ലാത്തിച്ചാർജ് നടത്തിയാണ് പൊലീസ് രംഗം ശാന്തമാക്കിയത്. അപ്പോഴേക്കും നിരവധി പേർക്ക് തിക്കിലുംതിരക്കിലുംപെട്ടും താഴെ വീണും ജീവൻ നഷ്ടമായിരുന്നു.
ദുരന്തത്തിൽ പിന്നീട് ഖേദം പ്രകടിപ്പിച്ച് വിജയ് രംഗത്തെത്തി. മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം വീതവും പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപ വീതവും താരം ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു. തുടർന്നുള്ള റാലികൾ നിർത്തിവയ്ക്കുകയും ചെയ്തു. ദുരന്തവുമായി ബന്ധപ്പെട്ട് ടിവികെ ജില്ലാ സെക്രട്ടറി മതിയഴകൻ ഉൾപ്പെടെയുള്ള നേതാക്കൾ അറസ്റ്റിലായി. ഒരു മാസത്തിന് ശേഷം ഇരകളുടെ കുടുംബങ്ങളുമായി വിജയ് കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.