മംഗളൂരുവിൽ മലയാളി വ്യാപാരിയെ കൊള്ളയടിച്ചു; മഹാരാഷ്ട്ര പൊലീസ് കോൺസ്റ്റബിൾ ഉൾപ്പെടെ അഞ്ചു പേർ അറസ്റ്റിൽ

വടകര സ്വദേശി അബ്ബാസിനെയാണ് ബുധനാഴ്ച രാവിലെ പതിനൊന്നരയോടെ കൊള്ളയടിച്ചത്

Update: 2025-10-17 16:50 GMT

Photo| Special Arrangement

മംഗളൂരു: കുടക് വിരാജ്‌പേട്ടയിലെ ബാലുഗോഡുവിനടുത്ത് ബുധനാഴ്ച നടന്ന കവർച്ചയുമായി ബന്ധപ്പെട്ട് അഞ്ച് പ്രതികളെ കുടക് പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ നിന്നുള്ള ഓട്ടോറിക്ഷാ ഡ്രൈവർ സച്ചിൻ യാമാജി ധൂധൽ (24), താനെ സിറ്റിയിലെ കൽവ പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ ബാബ സാഹിബ് ചൗഗൽ (32), അബ സാഹിബ് ഷെൻഡേജ് (33), യുവരാജ് സിന്ധെ (25), ബന്ദു ഹക്കെ (20) എന്നിവരാണ് അറസ്റ്റിലായത്.

വടകര സ്വദേശി അബ്ബാസിനെയാണ് ബുധനാഴ്ച രാവിലെ പതിനൊന്നരയോടെ കൊള്ളയടിച്ചത്. 10 ലക്ഷം രൂപയും മൊബൈൽ ഫോണും സംഘം കൊള്ളയടിച്ചു. വിരാജ്‌പേട്ട് റൂറൽ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിനിടെയാണ് പ്രതികളെ പിടികൂടിയത്. പെരുമ്പാടി- ഹുൻസൂർ വഴി മൈസൂരുവിലേക്ക് പോവുകയായിരുന്ന അബ്ബാസിനെ മഹാരാഷ്ട്ര രജിസ്‌ട്രേഷൻ കാറിലെത്തിയ സംഘം മാതാ പെട്രോൾ പമ്പിനു സമീപം ആളൊഴിഞ്ഞ സ്ഥലത്ത് തടയുകയായിരുന്നു. അബ്ബാസ് വാഹനത്തിന്റെ ഗ്ലാസ് താഴ്ത്തിയപ്പോൾ ഒരാൾ വടികൊണ്ട് തലക്കടിച്ചു. തുടർന്ന് അക്രമികൾ അബ്ബാസിനെ കാറിൽ നിന്നും വലിച്ചിറക്കി റോഡിൽ ഉപേക്ഷിച്ച ശേഷം കാറുമായി കടന്നുകളഞ്ഞു. അതുവഴി വന്ന പിക്കപ്പ് വാൻ ഡ്രൈവറാണ് തലപൊട്ടി രക്തം ഒഴുകുന്ന നിലയിൽ കണ്ട അബ്ബാസിനെ ആശുപത്രിയിൽ എത്തിച്ചത്.

ഡ്രൈവറുടെ ഫോൺ വാങ്ങി നാട്ടിലെ ബന്ധുവിനെ അബ്ബാസ് വിവരമറിയിച്ചു. ബന്ധു കാർ ജിപിഎസ് ഉപയോഗിച്ച് ഓഫ് ചെയ്തു. ഇതോടെ അക്രമികൾ കാർ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. കാർ പിന്നീട് പൊലീസ് കണ്ടെത്തി. ഹോട്ടൽ, ടെക്‌സ്‌റ്റൈൽസ് വ്യാപാരം നടത്തുന്ന അബ്ബാസ് ദീപാവലി പ്രമാണിച്ച് കടയിലേക്ക് സാധനങ്ങൾ വാങ്ങാൻ മൈസൂരുവിലേക്ക് പോകുകയായിരുന്നു. അക്രമി സംഘത്തിലെ മറ്റുള്ളവരെ കണ്ടെത്താൻ ശ്രമം തുടരുകയാണെന്ന് കുടക് ജില്ല പൊലീസ് സൂപ്രണ്ട് കെ.രാമരാജൻ പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News