Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
ന്യൂഡൽഹി: ഡൽഹി ചെങ്കോട്ടയിൽ നടന്ന സ്ഫോടനം ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ച് കേന്ദ്രസർക്കാർ. രാജ്യം ഹീനമായ ഭീകരാക്രമണത്തിന് സാക്ഷ്യം വഹിച്ചെന്ന് കേന്ദ്ര മന്ത്രിസഭ. ദേശവിരുദ്ധ ശക്തികളാണ് കാർ സ്ഫോടനം നടത്തിയതെന്നും എല്ലാ തരത്തിലുള്ള ഭീകരവാദത്തെയും അപലപിക്കുന്നതായും ഭീകരവാദത്തോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം തുടരുമെന്നും മന്ത്രിസഭാ യോഗത്തിൽ പറഞ്ഞു. ആഴത്തിലുള്ള അന്വേഷണം നടക്കുമെന്നും അതിശക്തമായ അന്വേഷണത്തിന് അന്വേഷണ ഏജൻസികൾക്ക് നിർദേശം നൽകിയതായും മന്ത്രിസഭാ അറിയിച്ചു.
അതേസമയം, ഡൽഹി സ്ഫോടനവുമായി ബന്ധപ്പെട്ട രണ്ടാമത്തെ കാർ കണ്ടെത്തി. ഹരിയാനയിൽ നിന്നാണ് വാഹനം പിടികൂടിയത്. ഡൽഹി രജിസ്ട്രേഷനുള്ള ചുവന്ന ഫോർഡ് എക്കോസ്പോർട്ട് കാറാണ് കണ്ടെത്തിയത്. സ്ഫോടനം നടത്തിയവർ രണ്ടുവാഹനങ്ങൾ വാങ്ങിയെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
തിങ്കളാഴ്ച വൈകിട്ട് 6.52നായിരുന്നു ഡൽഹിയിൽ രാജ്യത്തെ നടുക്കിയ സ്ഫോടനമുണ്ടായത്. ഡൽഹിയിലെ ഏറ്റവും തിരക്കേറിയ മേഖലകളിലൊന്നായ ചാന്ദ്നി ചൗക്ക് മാർക്കറ്റിനും ജമാ മസ്ജിദിനും സമീപമാണു സ്ഫോടനമുണ്ടായത്. ലാൽ ക്വില (റെഡ് ഫോർട്ട്) മെട്രോ സ്റ്റേഷന്റെ ഒന്നും നാലും ഗേറ്റുകൾക്കിടയിലെ റോഡിൽ ഹരിയാന രജിസ്ട്രേഷനുള്ള കാർ പൊട്ടിത്തെറിക്കുകയായിരുന്നു. വേഗം കുറച്ച് ചെങ്കോട്ടക്ക് മുന്നിലൂടെ നീങ്ങുകയായിരുന്ന കാർ ട്രാഫിക് സിഗ്നലിൽ നിർത്തിയതിനു പിന്നാലെയാണ് പൊട്ടിത്തെറിച്ചത്. 12 പേർക്ക് ജീവൻ നഷ്ടമാവുകയും 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.