മുന്നിലുള്ളത് വെല്ലുവിളികൾ; സണ്ണി ജോസഫിനും ടീമിനും വിയർക്കേണ്ടി വരും
പുതിയ ടീമിന്‍റെ ശക്തിയും പരിമിതികളും കോണ്‍ഗ്രസിനെയും യുഡിഎഫിനെയും സംബന്ധിച്ച് നിർണായകമാണ്.
കൊച്ചി: അനിശ്ചിതത്വങ്ങള്‍ക്കെല്ലാം വിരാമമിട്ട് കെപിസിസി പ്രസിഡണ്ട് സ്ഥാനത്ത് നിന്നും കെ. സുധാകരനെ മാറ്റി സണ്ണി ജോസഫിനെ നിയമിച്ചതോടെ തദ്ദേശ - നിയമസഭാ തെരഞ്ഞെടുപ്പു കളത്തിലേക്ക് കോണ്‍ഗ്രസ് ചാടിയിറങ്ങിയെന്ന് പറയാം. പി.സി വിഷ്ണുനാഥ്, എ.പി അനില്‍കുമാർ, ഷാഫി പറമ്പില്‍ എന്നിവരാണ് പുതിയ വർക്കിംഗ് പ്രസിഡണ്ടുമാർ. യുഡിഎഫ് കണ്‍വീനർ സ്ഥാനത്തു നിന്നും എം എം ഹസ്സനെ മാറ്റി അടൂർ പ്രകാശിനെ വെച്ചു. പുതിയ ടീമിന്‍റെ ശക്തിയും പരിമിതികളും കോണ്‍ഗ്രസിനെയും യുഡിഎഫിനെയും സംബന്ധിച്ച് നിർണായകമാണ്.
സണ്ണി ജോസഫിന് മുന്നിലെ വെല്ലുവിളി
ബൂത്ത് കമ്മിറ്റി മുതല്‍ കെപിസിസി വരെ സംഘടനാ പ്രശ്നങ്ങളുടെ നീണ്ട നിര മുന്നിലുണ്ട്. ഒരു പ്രശ്നവും പരിഹരിക്കുന്ന രീതി പൊതുവേ കോണ്‍ഗ്രസിനില്ല. എന്തിനും ഏതിനും തർക്കമാണ്. തർക്കം വരുന്നതോടെ നേതൃത്വം മാറി നില്‍ക്കുകയും തീരുമാനങ്ങള്‍ ഉണ്ടായി വരികയുമാണ് ചെയ്യുക. അല്ലെങ്കില്‍ പ്രശ്നങ്ങള്‍ സ്വയം പരിഹരിക്കപ്പെടുകയാണ് പതിവെന്ന് പറയാം. അതിന് പക്ഷേ ദീർഘകാലമെടുക്കും. സണ്ണി ജോസഫിന് പക്ഷേ ഈ കീഴ്‍വഴക്കത്തിന്‍റെ ആനുകൂല്യം ലഭിക്കില്ല.
തദ്ദേശ തെരഞ്ഞെടുപ്പ് ഡിസംബർ ആദ്യത്തിലാണ്. കഷ്ടിച്ച് ഏഴു മാസം. കുറച്ച് കൂടി കൃത്യമായി പറഞ്ഞാല്‍ 210 ദിവസം. ഈ ദിവസങ്ങള്‍ കൊണ്ട് വാർഡു കമ്മിറ്റികള്‍ പുനസംഘടിപ്പിക്കണം. മണ്ഡലം കമ്മിറ്റികളില്‍ ഭാരവാഹികളെ വെക്കണം. ഡിസിസികളില്‍ ഭാരവാഹികളെ നിശ്ചയിക്കണം. കെപിസിസി ജനറല്‍ സെക്രട്ടറിമാരെയും വൈസ് പ്രസിഡണ്ടുമാരെയും വെക്കണം. ഫീല്‍ഡില്‍ നിന്ന് തന്നെ അപ്രത്യക്ഷമായ യൂത്ത് കോണ്‍ഗ്രസിന് ജില്ലകളിലും നിയോജക മണ്ഡലങ്ങളിലും പഞ്ചായത്ത് തലതങ്ങളിലും ഭാരവാഹികളെ വെക്കണം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുല്‍ മാങ്കൂട്ടത്തിലിനെ കൊണ്ട് ഇത് ചെയ്യിക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്തം നിർവഹിക്കണം. ആവശ്യമെങ്കില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ മാറ്റി മറ്റൊരു നേതാവിനെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ടാക്കണം. ഇത്രയെങ്കിലും ചെയ്താലേ താഴേ തട്ടില്‍ പാർട്ടിയെ ചലിപ്പിക്കാനാകൂ.
ഇതെല്ലാം കഴിഞ്ഞ് യോഗ്യത എന്ന മാനദണ്ഡം വെച്ച് സ്ഥാനാർഥികളെ കൂടി നിശ്ചയിച്ചാല്‍ എല്‍ഡിഎഫിന് മുന്നില്‍ പിടിച്ചു നില്‍ക്കാം. സിപിഎമ്മിന്‍റെ ശക്തമായ സംഘടനാ സംവിധാനത്തോട് ഓരോ വാർഡിലും പ്രവർത്തകർ നേരിട്ട് ഏറ്റുമുട്ടുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്‍റെ സംഘടനാ സംവിധാനത്തിന്‍റെ ശേഷി തന്നെയാണ് പരീക്ഷിക്കപ്പെടുക. മുസ്ലിം ലീഗിന്‍റെ നാലയലത്ത് പോലും വെക്കാവുന്ന സംഘടനാ സംവിധാനം കോണ്‍ഗ്രസിന് ഇല്ല എന്നിരിക്കെ വിശ്രമമില്ലാതെ സണ്ണി ജോസഫിനും ടീമിനും ഫീല്‍ഡിലിറങ്ങേണ്ടി വരും.
ഡിസിസികളോടുള്ള നയം പ്രധാനം
ഡിസിസികളെ ശാക്തീകരിക്കുമെന്നാണ് സണ്ണി ജോസഫ് ആദ്യം നടത്തിയ പ്രതികരണം. എ ഐ സിസിയുടെ പുതിയ നയം അത് തന്നെയാണ്. അത് പക്ഷേ അത്ര എളുപ്പമുള്ള കാര്യമല്ല. ജില്ലകളിലെ താപ്പാനകളായ ഗ്രൂപ്പ് നേതാക്കള്‍ വാർഡ് പ്രസിഡണ്ടിനെ പോലും വെക്കാന്‍ അനുവദിക്കാതെ വഴി മുടക്കി നില്‍ക്കുന്ന ഇടങ്ങളുണ്ട്.
തൃശൂർ ജില്ലയിലെ കടവല്ലൂർ പഞ്ചായത്തിലെ കൊരട്ടിക്കര വാർഡില്‍ ചേരി തിരിഞ്ഞ് രണ്ട് വാർഡ് പ്രസിഡണ്ടുമാരെ നിശ്ചയിച്ച വിചിത്രമായ ഒരു സംഭവം ഈ ആഴ്ചയാണ് നടന്നത്. തൃശൂർ ജില്ലാ യുഡിഎഫ് ചെയർമാനായിരുന്ന മുതിർന്ന നേതാവ് ജോസഫ് ചാലിശ്ശേരിയുടെ വാർഡാണിത്. വാർഡ് യോഗം വിളിക്കാനും പ്രസിഡണ്ടിനെ തെരഞ്ഞെടുക്കാനും മണ്ഡലം പ്രസിഡണ്ട് ചുമതലപ്പെടുത്തിയത് പ്രാദേശിക നേതാവിനെ. പ്രാദേശിക നേതാവ് വിളിച്ച യോഗം മാറ്റിവെക്കാന്‍ ജോസഫ് ചാലിശ്ശേരി നിർദേശിക്കുന്നു. മെയ് അഞ്ചിനകം വാർഡ് പ്രസിഡണ്ടിനെ തെരഞ്ഞെടുക്കണമെന്ന നിർദേശം പാലിക്കാന്‍ തനിക്ക് സാധിച്ചില്ലെന്നും അതിന് കാരണം ജോസഫ് ചാലിശ്ശേരി യോഗം നടത്താന്‍ അനുവദിക്കാത്തതാണെന്നും കാട്ടി പ്രാദേശിക നേതാവ് മണ്ഡലം, ബ്ലോക് പ്രസിഡണ്ടുമാർക്ക് കത്ത് നല്‍കി.
പ്രാദേശിക നേതാവ് മറ്റൊരു ദിവസം യോഗം വിളിച്ചെങ്കിലും ജോസഫ് ചാലിശ്ശേരിയും ഒപ്പമുള്ളവരും പങ്കെടുത്തില്ല. ആ യോഗത്തില്‍ ആദ്യത്തെ വാർഡ് പ്രസിഡണ്ടിനെ തെരഞ്ഞെടുത്തു. ജോസഫ് ചാലിശ്ശേരിക്കൊപ്പമുള്ളവർ അടുത്ത ദിവസം യോഗം ചേർന്ന് മറ്റൊരു വാർഡ് പ്രസിഡണ്ടിനെ തെരഞ്ഞെടുത്തു. പ്രശ്നമിപ്പോള്‍ തൃശൂർ ഡിസിസി പ്രസിഡണ്ടിന്‍റെയും എ ഐ സിസി സെക്രട്ടറി പി വി മോഹനന്‍റെയും പരിഗണനയിലാണ്. ഡിസിസി പ്രസിഡണ്ടിനോളം തലപ്പൊക്കമുള്ള നേതാക്കള്‍ തന്നെ വാർഡിലെ ഗ്രൂപ്പിസത്തില്‍ പോലും കക്ഷികളായി വരുന്ന വിചിത്ര സാഹചര്യമാണ് മണ്ഡലം നേതൃത്വം മുതല്‍ കെപിസിസി വരെ നേരിടുന്ന പ്രതിസന്ധി. ഇത്തരം പ്രശ്നങ്ങളില്‍ വിഷയത്തിന്‍റെ മെറിറ്റ് നോക്കി ഉറച്ച തീരുമാനമെടുക്കാന്‍ ഡിസിസി പ്രസിഡണ്ടിന് ധൈര്യം കിട്ടണം. ആ ധൈര്യം കെപിസിസി തന്നെ നല്‍കണം. സണ്ണി ജോസഫിന്‍റെ മുന്നിലെ നിർണായക ചോദ്യം ഇത് തന്നെയായിരിക്കും.
വർകിംഗ് പ്രസിഡണ്ടുമാരുടെ ട്രാക്ക് റെക്കോർഡ്
വർക്കിംഗ് പ്രസിഡണ്ടുമാരായ പി സി വിഷ്ണുനാഥ്, ഷാഫി പറമ്പില്‍ , എ പി അനില്‍കുമാർ എന്നിവർ എംഎല്‍എമാരെന്ന നിലയിലും പാർലമെന്റേറിയന്‍മാർ എന്ന നിലയിലും മികച്ച ട്രാക്ക് റെക്കോർഡുള്ളവരാണ്. താര പരിവേഷമുള്ള ഷാഫി പറമ്പില്‍ അണികളെ ഇളക്കാന്‍ ശേഷിയുള്ള നേതാവാണ്. എൽഡിഎഫിന്‍റെ പരമ്പരാഗത ശക്തികേന്ദ്രമായ പാലക്കാടും വടകരയിലും ജനക്കൂട്ടത്തെ ആകർഷിച്ചും തെരഞ്ഞെടുപ്പില്‍ ഞെട്ടിക്കുന്ന വിജയം നേടിയും ഷാഫി അത് തെളിയിച്ചിട്ടുണ്ട്. സെലിബ്രിറ്റി പ്രതിച്ഛായയും ആരാധക വൃന്ദവും ഷാഫിക്കുണ്ട്.
കോണ്‍ഗ്രസ് സംഘടനാ സംവിധാനത്തിന്‍റെ ദുർബ്ബലത പരിഹരിക്കാന്‍ ഷാഫിയുടെ ഈ ഗുണങ്ങളൊന്നും മതിയാകില്ല. പ്രാദേശിക നേതാക്കളെ വളർത്തിക്കൊണ്ടുവരാനും കീഴ് ഘടകങ്ങളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനും സമയം കണ്ടെത്തുക സുപ്രധാനമാണ്. അത്തരമൊരു കാഴ്ചപ്പാട് ഷാഫിയുടെ സംഘടനാ പ്രവർത്തനത്തിന്‍റെ ചരിത്രത്തില്‍ കാണുന്നില്ല.യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ടായിരുന്നപ്പോഴോ പിന്നീട് പാലക്കാട് എംഎല്‍എ ആയിരുന്നപ്പോഴോ അത്തരമൊരു ശൈലി ഷാഫി എടുത്തിട്ടില്ല. അതുകൊണ്ട് തന്നെ സംഘടനാപരമായി കോണ്‍ഗ്രസിനെ ശാക്തീകരിക്കാനുള്ള ഷാഫിയുടെ ശേഷി കണ്ടറിയേണ്ടതാണ്.
എ പി അനില്‍കുമാർ മികച്ച എംഎല്‍എയാണ്. ലീഗിന്‍റെ ശക്തികേന്ദ്രം കൂടിയായ വണ്ടൂരില്‍ അനില്‍കുമാർ ജനകീയന്‍ തന്നെയാണ്. എന്നാല്‍ മലപ്പുറം ജില്ലയിലെ കോണ്‍ഗ്രസിലെ അവസാന വാക്കായ അനില്‍കുമാറിന് അവിടത്തെ ഗ്രൂപ്പ് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇതുവരെയും സാധിച്ചിട്ടില്ല.
വണ്ടൂർ നിയോജകമണ്ഡലം ഒഴിച്ചു നിർത്തിയാല്‍, സംഘടനാ പ്രശ്നങ്ങള്‍ പരിഹരിക്കുക എന്നത് ഗൗരവമുള്ള കാര്യമായി അനില്‍കുമാർ കാണുന്നുമില്ല. ആര്യാടന്‍ ഷൗക്കത്തുമായി പടവെട്ടിയാണ് അനില്‍കുമാർ ഇപ്പോഴും മലപ്പുറത്ത് പ്രവർത്തിക്കുന്നത്. തൃശൂർ ജില്ലയുടെ സംഘടനാ ചുമതല നിലവില്‍ അനില്‍കുമാറിനാണ്.
തൃശൂരിലെ മണ്ഡലം കമ്മിറ്റികളുടെ പുനസംഘടന അനിശ്ചിതമായി നീളുന്നതിന്‍റെ കാരണമായി ജില്ലയിലെ മുതിർന്ന നേതാക്കള്‍ പറയുന്നത് എ പി അനില്‍കുമാർ മീറ്റിംഗിന് സമയം നല്‍കാത്തതാണ്. മണ്ഡലം ഭാരവാഹികളുടെ പട്ടിക തയ്യാറായിട്ട് ആഴ്ചകളായെങ്കിലും അനില്‍കുമാറിന്‍റെ സാന്നിധ്യത്തില്‍ ജില്ലാ കോർ കമ്മിറ്റി ചേരാന്‍ സാധിക്കുന്നില്ല. ഫലത്തില്‍ മണ്ഡലം പുനസംഘടന അനിശ്ചിതമായി നീളുകയാണ്.
കുണ്ടറയില്‍ കഠിനാധ്വാനം ചെയ്ത് വിജയിച്ച പി സി വിഷ്ണുനാഥ് കൂട്ടത്തില്‍ വ്യത്യസ്തനാണ്. ദേശീയ തലത്തിലും കാര്യമായ ചുമതലകള്‍ നിർവഹിച്ചിട്ടുള്ള വിഷ്ണുനാഥ് താഴേ തട്ടില്‍ നിന്ന് സംഘടന കെട്ടിപ്പടുക്കാനുള്ള സന്നദ്ധത എംഎല്‍എ ആയതിന് ശേഷം കുണ്ടറയില്‍ കാണിച്ചിട്ടുണ്ട്. മണ്ഡലത്തിന് പുറത്തും ആ മികവ് കാണിക്കാന്‍ വിഷ്ണുനാഥിന് സാധിച്ചാൽ കാര്യമായ മാറ്റങ്ങളുണ്ടാകും.
അടൂർ പ്രകാശെന്ന ചാണക്യന്‍
കോണ്‍ഗ്രസിലെ സുപ്രധാന ഈഴവ മുഖമാണ് അടൂർ പ്രകാശ്. തന്ത്രങ്ങള്‍ മെനയുന്നതിലും പാർട്ടി പ്രവർത്തനത്തിന് ഫണ്ട് കണ്ടെത്തുന്നതിലും വലിയ ശേഷി അടൂർ പ്രകാശിനുണ്ട്. നിർണായക ഘട്ടത്തില്‍ യുഡിഎഫ് കണ്‍വീനറായി എത്തിയ അടൂർ പ്രകാശ് മുന്നണിക്ക് കരുത്തായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല.
വി ഡി സതീശനും പുതിയ ടീമും
കെ സുധാകരന്‍ മാറുന്ന കാര്യത്തിലുണ്ടായ അനിശ്ചിതത്വം ഉപയോഗിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ദീർഘകാലം ചക്രവ്യൂഹത്തില്‍ കുടുക്കാന്‍ പാർട്ടിയിലെ എതിരാളികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. രമേശ് ചെന്നിത്തലയെ പോലെ മുഖ്യമന്ത്രി പദവി സ്വപ്നം കാണുന്നവർ സതീശനെ കടുത്ത വെല്ലുവിളിയായി കണ്ടു തുടങ്ങിയതോടെയാണ് ഈ സ്ഥിതിവിശേഷം ശക്തമായത്. കെപിസിസിയെ നയിക്കാന്‍ പുതിയ ടീം വന്നതോടെ ആ സ്ഥിതിയില്‍ കാര്യമായ മാറ്റം വരികയാണ്.
വി ഡി സതീശനെ ഞെരുക്കുന്നു എന്ന തോന്നല്‍ രാഹുല്‍ഗാന്ധിക്ക് നേരത്തേ മുതലുണ്ട്. കെപിസിസിയിലെ തലമാറ്റം സതീശന് സ്വതന്ത്രമായി പ്രവർത്തിക്കാന്‍ കഴിയും വിധമായിരിക്കുമെന്ന ഉറപ്പ് രാഹുല്‍ഗാന്ധി നേരത്തേ തന്നെ നല്‍കിയതാണ്. ആന്‍റോ ആന്‍റണിയെ പ്രസിഡണ്ടായി നിർദേശിച്ച കെ സി വേണുഗോപാലിന്‍റെ നീക്കം പാളിയതോടെ പ്രശ്നത്തിലിടപെട്ട രാഹുല്‍ മുതിർന്ന നേതാക്കളെയെല്ലാം പലവട്ടം ഫോണില്‍ വിളിച്ചു. സണ്ണി ജോസഫിന്‍റെ പേര് ശക്തമായി ഉന്നയിച്ചത് വി ഡി സതീശനാണ്. സതീശനുമായി കൂടി ചേർന്ന് പോകാവുന്ന ഒരാള്‍ എന്ന പരിഗണന രാഹുല്‍ സണ്ണി ജോസഫിന് നല്‍കി.
ഷാഫി പറമ്പില്‍, പി സി വിഷ്ണുനാഥ് എന്നിവർ സതീശനുമായി മികച്ച മാനസിക ഐക്യം സൂക്ഷിക്കുന്ന നേതാക്കളാണ്. കെ സി വേണുഗോപാല്‍ ഗ്രൂപ്പിന്‍റെ മാനേജരായ എ പി അനില്‍കുമാറിന്‍റെ കാര്യത്തില്‍ അത്തരമൊരു സ്ഥിതിയില്ലെങ്കിലും സതീശന് വെല്ലുവിളിയോ തടസമോ ആകില്ല. അങ്ങനെയെങ്കില്‍ സതീശനൊപ്പം പുതിയ ടീം ചേരുന്നതോടെ കാര്യമായ മാറ്റം കൊണ്ടുവരാന്‍ സാധിക്കുമെന്ന കാര്യത്തില്‍ തർക്കമില്ല. ഉപതെരഞ്ഞെടുപ്പുകള്‍ മാനേജ് ചെയ്തും സോഷ്യല്‍ എഞ്ചിനീയറിംഗ് നടത്തിയും രാഷ്ട്രീയ ആഖ്യാനങ്ങള്‍ സൃഷ്ടിച്ചും വി ഡി സതീശന്‍ കാണിച്ച മികവുകള്‍ കെപിസിസിയുടെ പൊതുനയമായി വികസിക്കുകയാണെങ്കില്‍ മാറ്റങ്ങള്‍ ഉണ്ടാകാം. അപ്പോഴും ബൂത്ത് മുതല്‍ കെപിസിസി വരെയുള്ള പാർട്ടി ഘടകങ്ങളെ ചലിപ്പിക്കുന്ന കാര്യത്തില്‍ ഈ നേതാക്കളെല്ലാം എന്ത് സമീപനം സ്വീകരിക്കുമെന്ന വലിയ ചോദ്യം അവിടെ തന്നെ നില്‍ക്കും.