ഡൽഹി മോഡൽ ക്രൂരത യു.പിയിലും; സൈക്കിൾ യാത്രികയെ കാറിടിച്ച് 200 മീറ്ററോളം വലിച്ചിഴച്ചു

കംപ്യൂട്ടർ ക്ലാസിലേക്ക് പോവുന്നതിനിടെയായിരുന്നു അപകടം.

Update: 2023-01-04 11:31 GMT

ലഖ്നൗ: രാജ്യ തലസ്ഥാനത്ത് യുവതിയെ കാറിടിച്ച് കൊന്ന ശേഷം കെട്ടിവലിച്ച സംഭവത്തിന്റെ നടുക്കം മാറുംമുമ്പേ യു.പിയിലും സമാന ക്രൂരത. സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ അമിത വേ​ഗതയിലെത്തിയ കാർ ഇടിച്ചുതെറിപ്പിച്ച ശേഷം, 200 മീറ്ററോളം വലിച്ചിഴച്ചു.

ഉത്തർപ്രദേശിലെ കൗഷാംഭിയിലാണ് സംഭവം. ​ഗുരുതര പരിക്കേറ്റ യുവതി കൗശാംഭിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

അപകടത്തെ തുടർന്ന് യുവതി സൈക്കിളിനൊപ്പം കാറിന്റെ ചക്രത്തിൽ കുടുങ്ങുകയും 200 മീറ്ററോളം വലിച്ചിഴയ്ക്കുകയുമായിരുന്നുവെന്ന് പരാതിക്കാരിയെ ഉദ്ധരിച്ച് പൊലീസ് പറഞ്ഞു. കംപ്യൂട്ടർ ക്ലാസിലേക്ക് പോവുന്നതിനിടെയായിരുന്നു അപകടം.

Advertising
Advertising

ഡൽഹിയിൽ പുതുവത്സരത്തലേന്നായിരുന്നു കാറിടിച്ച് റോഡിൽ വീണ സ്‌കൂട്ടർ യാത്രക്കാരിയായ അഞ്ജലി സിങ്ങിനെ 12 കിലോമീറ്ററോളം വലിച്ചിഴച്ചുകൊണ്ടുപോയത്. വര്‍ഷത്തില്‍ ഏറ്റവും ശക്തമായ പൊലീസ് പട്രോളിങ്ങുള്ള ദിവസമായിരുന്നു സംഭവം.

18,000 പൊലീസുകാരാണ് ഡല്‍ഹിയിലെ തെരുവുകളില്‍ സുരക്ഷയ്ക്കായി അണിനിരന്നിരുന്നത്. എന്നിട്ടും കൊല്ലപ്പെട്ട 20കാരിയായ അഞ്ജലി സിങ്ങിന്റെ മൃതദേഹം കണ്ടെത്താന്‍ രണ്ട് നീണ്ട മണിക്കൂറാണ് വേണ്ടിവന്നത്. ഇതിനിടെ മൃതദേഹം ഔട്ടർ ഡൽഹിയിലെ സുൽത്താൻപുരിക്കും കാഞ്ജവാലയ്ക്കും ഇടയിൽ 12 കിലോമീറ്ററിലധികം വലിച്ചിഴച്ചിരുന്നു.

കാറിടിച്ച് കൊല്ലപ്പെട്ട യുവതിയുടെ തലച്ചോർ ചിന്നിച്ചിതറിയതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പറയുന്നു. ശരീരത്തിൽ 40 ഗുരുതര പരിക്കുകളുണ്ടായിരുന്നതായും വാരിയെല്ലുകൾ ഒടിഞ്ഞ നിലയിലായിരുന്നെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. രക്തസ്രാവമാണ് മരണകാരണമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്.

മൗലാന ആസാദ് മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിന്റെ റിപ്പോർട്ട് പൊലീസിന് കൈമാറി. കേസിന്റെ വിശാദാംശങ്ങൾ പൊലീസ് മേധവി സഞ്ജയ് അറോറ ആഭ്യന്തരമന്ത്രാലയയിൽ നേരിട്ടെത്തി വിശദീകരിച്ചു. കേസിൽ അഞ്ചു പേരാണ് അറസ്റ്റിലായിരിക്കുന്നത്.

സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന അഞ്ജലി സിങ്ങിനെ ഇടിച്ചിട്ട കാര്‍, തുടര്‍ന്ന് വലിച്ചിഴയ്ക്കുകയായിരുന്നു. വസ്ത്രം കീറിപ്പറഞ്ഞ നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ദീപക് ഖന്ന (26), അമിത് ഖന്ന (25), കൃഷൻ (27), മിഥുൻ (26), സുൽത്താൻപുരിയിലെ ബിജെപി പ്രവർത്തകൻ മനോജ് മിത്തൽ (27) എന്നിവരാണ് അറസ്റ്റിലായത്. ദീപക്കായിരുന്നു വാഹനം ഓടിച്ചിരുന്നതെന്നും എഫ്‌ഐആറിൽ പറയുന്നു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News